രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർഥികളുടെ സ്വപ്നങ്ങളും കുടുംബങ്ങളുടെ പ്രതീക്ഷകളും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ഗുരുതരമായ ചോദ്യചിഹ്നങ്ങൾക്കിടയിൽ നിൽക്കുകയാണ്. രാജസ്ഥാനിൽ നിന്നുയർന്ന ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ സാധാരണ പരീക്ഷാ ക്രമക്കേടായി തള്ളിക്കളയാനാവാത്തത്ര ഭീകരമാണ്. പരീക്ഷയ്ക്ക് മുമ്പ് വിതരണം ചെയ്ത ‘ഊഹചോദ്യങ്ങൾ’ യഥാർഥ ചോദ്യപേപ്പറുമായി വലിയ തോതിൽ പൊരുത്തപ്പെടുന്നുവെന്ന അന്വേഷണ വിവരങ്ങൾ പുറത്തുവരുമ്പോൾ, രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ അടിമുടി കുലുങ്ങുകയാണ്. 720 മാർക്കിൽ 600 മാർക്കിന്റെ ചോദ്യങ്ങൾ വരെ ചോർന്നുവെന്ന സൂചന അതീവ ഗുരുതരമാണ്.
ഇത് ഒരു പരീക്ഷയുടെ മാത്രം പ്രശ്നമല്ല; രാജ്യത്തിന്റെ വിദ്യാഭ്യാസ ധാർമ്മികതയെ നേരിട്ട് വെല്ലുവിളിക്കുന്ന കുറ്റകൃത്യമാണ്. മെഡിക്കൽ പ്രവേശന പരീക്ഷകൾ ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നാണ്. വർഷങ്ങളോളം ഉറക്കമില്ലാതെ പഠിച്ച്, കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികളും മാനസിക സമ്മർദ്ദങ്ങളും അതിജീവിച്ചാണ് വിദ്യാർഥികൾ പരീക്ഷാ ഹാളിലേക്ക് എത്തുന്നത്. ആ അധ്വാനത്തിന്റെ മൂല്യം ചില വിദ്യാഭ്യാസ മാഫിയകൾ പണമായി വിറ്റഴിക്കുന്ന അവസ്ഥ സമൂഹത്തിന് ഏറ്റവും വലിയ അപമാനമാണ്. വിദ്യാഭ്യാസം ഒരു വിശ്വാസമാണ്. ആ വിശ്വാസത്തിന്റെ അടിത്തറയിലാണ് ഒരു ജനതയുടെ ഭാവി നിർമ്മിക്കപ്പെടുന്നത്. അതുതന്നെയാണ് ഇപ്പോൾ പണത്തിന്റെയും സ്വാധീനത്തിന്റെയും വിപണിയിലേക്ക് തള്ളിയിടപ്പെടുന്നത്.
ഇവിടെ ആശങ്ക വർധിപ്പിക്കുന്നത് ചോദ്യങ്ങൾ മാത്രം ചോർന്നതല്ല, ഉത്തര ഓപ്ഷനുകളുടെ ക്രമം വരെ മാറ്റമില്ലാതെ പ്രചരിച്ചുവെന്ന വിവരങ്ങളാണ്. അതായത് പരീക്ഷാ സംവിധാനത്തിന്റെ അത്യന്തം സുരക്ഷിതമെന്ന് കരുതപ്പെട്ട കേന്ദ്രങ്ങളിലേക്കു വരെ അഴിമതിയുടെ കൈകൾ എത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ അർത്ഥം. ഇത് ചില വ്യക്തികളുടെ ഒറ്റപ്പെട്ട തട്ടിപ്പല്ല; സംഘടിതവും ശക്തവുമായ ഒരു നെറ്റ്വർക്ക് പ്രവർത്തിക്കുന്നുവെന്നതിന് വ്യക്തമായ സൂചനയാണ്. രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ അന്വേഷണത്തിൽ ഒരു ചോദ്യപേപ്പറിന് 20,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. പരീക്ഷയുടെ തലേദിവസം രാത്രിയോടെ വില കുറച്ച് ‘ലാസ്റ്റ് മിനിറ്റ് ഡീൽ’ വരെ നടന്നുവെന്ന ആരോപണം വിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരണത്തിന്റെ ഏറ്റവും മലിനമായ മുഖമാണ് തുറന്നുകാട്ടുന്നത്.
ഇന്ത്യയിലെ മത്സരപരീക്ഷകൾക്കു ചുറ്റും കഴിഞ്ഞ കുറേ വർഷങ്ങളായി വിവാദങ്ങളുടെ കനത്ത മേഘമാണ്. ചോദ്യപേപ്പർ ചോർച്ച, മാർക്ക് ക്രമക്കേട്, വ്യാജ റാങ്ക് പട്ടിക, സീറ്റ് വിൽപ്പന; ഇങ്ങനെ നിരന്തരം ഉയരുന്ന ആരോപണങ്ങൾ വിദ്യാർഥിസമൂഹത്തിന്റെ ആത്മവിശ്വാസത്തെ തകർത്തുകൊണ്ടിരിക്കുകയാണ്. അതിനിടെ, ഓരോ തവണയും ‘കടുത്ത അന്വേഷണം’ എന്ന പതിവ് പ്രഖ്യാപനങ്ങൾ മാത്രമാണ് അധികാരകേന്ദ്രങ്ങളിൽ നിന്ന് കേൾക്കുന്നത്.
പക്ഷേ, കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിലും ഇത്തരം മാഫിയകളെ പൂർണമായി തകർക്കുന്നതിലും സംവിധാനങ്ങൾ ആവർത്തിച്ച് പരാജയപ്പെടുകയാണ്. വിദ്യാഭ്യാസ രംഗത്തെ ഈ അഴിമതി സാമ്പത്തിക കുറ്റകൃത്യമായി മാത്രം കാണാൻ കഴിയില്ല. ഇത് സാമൂഹിക നീതിക്കെതിരായ ആക്രമണമാണ്. കഴിവിനേക്കാൾ പണത്തിനും ബന്ധങ്ങൾക്കും മുൻഗണന ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ നഷ്ടമാകുന്നത് സാധാരണ കുടുംബങ്ങളിലെ കുട്ടികളുടെ ഭാവിയാണ്. അർഹതയില്ലാത്തവർ പണം നൽകി മെഡിക്കൽ സീറ്റുകൾ നേടുമ്പോൾ, യഥാർഥ പ്രതിഭകൾ പുറത്തേക്ക് തള്ളപ്പെടുന്നു. അതിന്റെ ദോഷഫലം നാളെയുടെ ആരോഗ്യരംഗത്തേക്കും സമൂഹത്തിലേക്കും വ്യാപിക്കും. പരീക്ഷാ സുരക്ഷയുടെ പേരിൽ വിദ്യാർഥികൾക്ക് മേൽ അതികഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സംവിധാനങ്ങൾ സ്വന്തം സംവിധാനത്തിനുള്ളിലെ ചോർച്ചകൾ തടയുന്നതിൽ പരാജയപ്പെടുന്നത് വലിയ വൈരുദ്ധ്യമാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് അനുഭവിക്കേണ്ടിവരുന്ന അപമാനകരമായ പരിശോധനകളും മാനസിക സമ്മർദ്ദങ്ങളും ന്യായീകരിക്കപ്പെടുന്നത് “സുരക്ഷ” എന്ന പേരിലാണ്.
എന്നാൽ അതേ സമയം ചോദ്യബാങ്കുകൾ പണത്തിന് വിറ്റഴിക്കപ്പെടുന്നുവെങ്കിൽ, ആ സുരക്ഷയുടെ അർത്ഥമെന്താണ്? കേന്ദ്രസർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കാനോ സാധാരണ അന്വേഷണം പ്രഖ്യാപിച്ച് രക്ഷപ്പെടാനോ പാടില്ല. രാജ്യത്തോട് വ്യക്തവും വിശ്വാസ്യതയുള്ളതുമായ മറുപടി നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പരീക്ഷാ സംവിധാനങ്ങളുടെ സുരക്ഷ പുനഃസംഘടിപ്പിക്കുകയും, ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന മുഴുവൻ ഘടകങ്ങളെയും സ്വതന്ത്ര ഓഡിറ്റിന് വിധേയമാക്കുകയും വേണം. അതിനുമപ്പുറം, രാഷ്ട്രീയ സ്വാധീനമോ അധികാരബന്ധങ്ങളോ നോക്കാതെ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണം. ഇത് വിദ്യാർഥികളുടെ മാത്രം പോരാട്ടമല്ല; രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. രാത്രിയെ പകലാക്കി പഠിക്കുന്ന കുട്ടികളുടെ സ്വപ്നങ്ങൾ ചില മാഫിയകളുടെ ലാഭക്കണക്കുകൾക്ക് മുന്നിൽ കത്തിനശിക്കരുത്. വിദ്യാഭ്യാസരംഗം അഴിമതിയുടെയും കള്ളക്കളികളുടെയും കേന്ദ്രമാകാൻ അനുവദിക്കരുത്. വിദ്യാർത്ഥികളുടെ വിശ്വാസം തകർന്നാൽ ഒരു രാജ്യത്തിന്റെ ഭാവിയാണ് തകർന്നുപോകുന്നത്.

