Home Kerala‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്ന്’; കോൺഗ്രസിനെതിരെ കെ സുരേന്ദ്രന്റെ വിമർശനം

‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്ന്’; കോൺഗ്രസിനെതിരെ കെ സുരേന്ദ്രന്റെ വിമർശനം

by news_desk1
0 comments

തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിപ്പിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്നാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി ആരായാലും ആദ്യ സന്ദർശനം പാണക്കാട് തറവാട്ടിലേക്കായിരിക്കുമെന്നുമാണ് സുരേന്ദ്രന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

63 എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് അനിശ്ചിതത്വം തുടരുന്നതിന് പിന്നിൽ ഘടകകക്ഷികളുടെ സമ്മർദമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. മതേതര വോട്ടർമാരും ന്യൂനപക്ഷ വിഭാഗങ്ങളും അടുത്ത അഞ്ച് വർഷം ഇതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള കോൺഗ്രസിന്റെ നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. കെ സി വേണുഗോപാലിന് അനുകൂലമായി ചില നേതാക്കൾ നിലപാട് അറിയിക്കുമ്പോൾ, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.

കെ മുരളീധരൻ, വി എസ് സുധീരൻ എന്നിവർ ജനവികാരം പരിഗണിച്ച് തീരുമാനം വേണമെന്നാണ് അഭിപ്രായപ്പെടുന്നത്. എം എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാൻഡിനെ ധരിപ്പിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

You may also like