Home Nationalതെരുവ് നിസ്‌കാരങ്ങൾക്ക് നിയന്ത്രണം; കല്ലേറ്, കന്നുകാലി കടത്ത് കേസുകളിൽ കർശന നടപടി പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ

തെരുവ് നിസ്‌കാരങ്ങൾക്ക് നിയന്ത്രണം; കല്ലേറ്, കന്നുകാലി കടത്ത് കേസുകളിൽ കർശന നടപടി പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ

by news_desk1
0 comments

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരുവുകളിലെ പൊതുപ്രാർത്ഥനകളും നിസ്‌കാരങ്ങളും നിയന്ത്രിക്കാൻ ബിജെപി സർക്കാർ നീക്കം ശക്തമാക്കി. പള്ളികളിൽ പ്രാർത്ഥന നടത്താം, എന്നാൽ പൊതുവഴികളിൽ നിസ്‌കാരം അനുവദിക്കില്ലെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനും അനധികൃത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡുകളിലെ മതപരമായ ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അർജുൻ സിങ് വ്യക്തമാക്കി.

കൊൽക്കത്തയിലെ റെഡ് റോഡിൽ ഈദ് നമസ്‌കാരത്തിന് അനുമതി നിഷേധിച്ചതും പിന്നീട് സൈനിക പരിശീലന ഷെഡ്യൂൾ മാറ്റിയതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കോടതി നിർദേശങ്ങളും സുരക്ഷാ കാരണങ്ങളും പരിഗണിച്ചാണ് ഇത്തരം നിയന്ത്രണങ്ങളെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു.

ഇതിനൊപ്പം കന്നുകാലി കടത്തും കല്ലേറ് സംഭവങ്ങളും ശക്തമായി തടയുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കന്നുകാലി മാർക്കറ്റുകൾക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

കന്നുകാലി കടത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.

You may also like