Home Blogതംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത പല്ലിയെന്ന് ആരോപണം; വൈറലായി ഞെട്ടിക്കുന്ന വീഡിയോ

തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത പല്ലിയെന്ന് ആരോപണം; വൈറലായി ഞെട്ടിക്കുന്ന വീഡിയോ

by news_desk1
0 comments

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ പുതിയ വിവാദങ്ങൾക്ക് വഴി തുറക്കുന്നു. കുടിക്കാനായി വാങ്ങിയ തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത നിലയിൽ പല്ലിയെ കണ്ടെത്തിയെന്നാരോപിച്ചുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.

വീഡിയോയിൽ അടച്ച നിലയിലുള്ള തംസ് അപ്പ് കുപ്പി തുറന്ന് ദ്രാവകം ഒരു പാത്രത്തിലേക്ക് ഒഴിക്കുമ്പോൾ അതിനുള്ളിൽ അലിഞ്ഞുതുടങ്ങിയ പല്ലിയുടെ അവശിഷ്ടം കാണുന്നതായാണ് ദൃശ്യങ്ങൾ. “കുപ്പി തുറക്കുന്നതിന് മുമ്പേ അസാധാരണത ശ്രദ്ധയിൽപ്പെട്ടു. തുറന്ന് ഒഴിച്ചപ്പോൾ ചത്ത പല്ലിയെ കണ്ടെത്തി” എന്ന കുറിപ്പോടെയാണ് വീഡിയോ ഒരു എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത്.

എന്നാൽ സംഭവം നടന്ന സ്ഥലം, സമയം തുടങ്ങിയ വിവരങ്ങൾ വ്യക്തമല്ല. വീഡിയോയുടെ വിശ്വാസ്യതയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ സംശയങ്ങൾ ഉയരുന്നുണ്ട്. കുപ്പി തുറക്കുമ്പോൾ സാധാരണ കാണുന്ന ഗ്യാസ് സമ്മർദ്ദം ഇല്ലാത്തത് ചൂണ്ടിക്കാട്ടി വീഡിയോ വ്യാജമായിരിക്കാമെന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നു.

സംഭവത്തിൽ ബന്ധപ്പെട്ട കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിലോ കമ്പനിയിലോ ഉപഭോക്താവ് പരാതി നൽകിയിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം ഭക്ഷ്യവസ്തുക്കളിലെ മായം കലർത്തലും സുരക്ഷാ പ്രശ്നങ്ങളും രാജ്യത്ത് വീണ്ടും ചർച്ചയാകുകയാണ്.

You may also like