Home Nationalവിജയ്‌യുടെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ പദവി; റിക്കി രാധൻ പണ്ഡിറ്റ് ഒഎസ്ഡിയായി

വിജയ്‌യുടെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ പദവി; റിക്കി രാധൻ പണ്ഡിറ്റ് ഒഎസ്ഡിയായി

by news_desk1
0 comments

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി ജോസഫ് വിജയ്, പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചുമതലയേറ്റ ദിവസം മുതൽ നിയമനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

പ്രിൻസിപ്പൽ സെക്രട്ടറി റീത്ത ഹരീഷ് തക്കർ ഒപ്പുവെച്ച ഉത്തരവിൽ നിയമനവുമായി ബന്ധപ്പെട്ട മറ്റ് നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പുറത്തിറക്കുമെന്നും പറയുന്നു.

2026ലെ തെരഞ്ഞെടുപ്പിൽ വിജയിക്കും ടിവികെക്കും വൻവിജയം ലഭിക്കുമെന്ന് മുൻകൂട്ടി പ്രവചിച്ച വ്യക്തിയാണ് റിക്കി രാധൻ പണ്ഡിറ്റ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം വിജയിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.

ടിവികെ നേതാക്കളുടെ വാർത്താസമ്മേളനങ്ങളിലും പൊതുപരിപാടികളിലും സ്ഥിര സാന്നിധ്യമായിരുന്ന രാധൻ പണ്ഡിറ്റ്, ജ്യോതിഷവും രാഷ്ട്രീയവും കൂട്ടിച്ചേർത്തുള്ള പ്രവചനങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. വിജയിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നിരവധി തവണ ആത്മവിശ്വാസപരമായ പ്രവചനങ്ങൾ അദ്ദേഹം നടത്തിയിരുന്നു.

വേദ ജ്യോതിഷം, സംഖ്യാശാസ്ത്രം, ധ്യാനാധിഷ്ഠിത മാർഗനിർദ്ദേശം എന്നിവയിൽ നാല് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ് റിക്കി രാധൻ പണ്ഡിറ്റ്. മുമ്പ് പണ്ഡിറ്റ് വെട്രിവേൽ എന്ന പേരിലറിയപ്പെട്ടിരുന്ന അദ്ദേഹം 2008ൽ ഡൽഹിയിലേക്ക് താമസം മാറിയശേഷമാണ് പേര് മാറ്റിയത്.

തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രി ജയലളിതയുൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജെപി, കോൺഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ തുടങ്ങി നിരവധി പാർട്ടികളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും അദ്ദേഹം പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.

You may also like