Home Local150-ഓളം മോഷണക്കേസുകൾ, സ്വർണം തൊടില്ല; കുപ്രസിദ്ധ മോഷ്ടാവ് ‘യാത്ര വിജയൻ’ പിടിയിൽ

150-ഓളം മോഷണക്കേസുകൾ, സ്വർണം തൊടില്ല; കുപ്രസിദ്ധ മോഷ്ടാവ് ‘യാത്ര വിജയൻ’ പിടിയിൽ

by news_desk
0 comments

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറ്റമ്പതോളം മോഷണക്കേസുകളിൽ പ്രതിയായ നെടുമങ്ങാട് സ്വദേശി വിജയൻ (57) പോലീസ് പിടിയിലായി. ‘യാത്ര വിജയൻ’ എന്നറിയപ്പെടുന്ന ഇയാൾ മറ്റൊരു കട കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് നൈറ്റ് പെട്രോളിംഗ് സംഘത്തിന്റെ വലയിലായത്. പടന്താലുമൂട്ടിലെ ഒരു ഫ്രൂട്ട്‌സ് കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് ഒന്നേകാൽ ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.

വിചിത്രമായ രീതികളാണ് വിജയനെ മറ്റ് മോഷ്ടാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്വർണ്ണാഭരണങ്ങൾ കണ്ടാൽ പോലും ഇയാൾ തൊടാറില്ല, പകരം പണം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. പോലീസ് പിന്തുടരാതിരിക്കാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കില്ലെന്നും യാത്രകൾക്കായി ബസുകളെ ആശ്രയിക്കാറില്ലെന്നതും ഇയാളുടെ പ്രത്യേകതയാണ്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളും കടകളും നിരീക്ഷിച്ച ശേഷം രാത്രിയിലാണ് മോഷണം നടത്തുന്നത്.

ആറുമാസത്തിലൊരിക്കൽ മാത്രം വീട്ടിലെത്തുന്ന വിജയൻ, പിടിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ഫ്രൂട്ട്‌സ് കടയിലെ മോഷണമടക്കം ഇയാൾ സമ്മതിച്ചിട്ടുണ്ട്. മുൻപും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിജയന്റെ അറസ്റ്റോടെ മലയോര മേഖലയിലെ പ്രധാന മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് പോലീസ്.

You may also like