Home National‘വിസ കാർട്ടലിന് ഹൈദരാബാദിൽ ക്ഷേത്രമുണ്ട്’; യുഎസ് സെനറ്ററുടെ പരാമർശം വൈറൽ

‘വിസ കാർട്ടലിന് ഹൈദരാബാദിൽ ക്ഷേത്രമുണ്ട്’; യുഎസ് സെനറ്ററുടെ പരാമർശം വൈറൽ

by news_desk1
0 comments

ഹൈദരാബാദ്: എച്ച്-1ബി വിസ പദ്ധതിയെ വിമർശിച്ച് യുഎസ് സെനറ്റർ എറിക് ഷ്മിറ്റ്  നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി. വൻകിട ടെക് കമ്പനികളും ഇന്ത്യൻ പൗരന്മാരും ചേർന്ന ‘വിസ കാർട്ടൽ’ എച്ച്-1ബി വിസ പദ്ധതി ദുരുപയോഗം ചെയ്യുകയാണെന്നും, ഈ സംഘത്തിന് ഹൈദരാബാദിൽ സ്വന്തമായി ഒരു ‘വിസ ക്ഷേത്രം’ ഉണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

തെലങ്കാനയിലെ പ്രശസ്തമായ ചിൽക്കൂർ ബാലാജി ക്ഷേത്രത്തിന്റെ  ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സെനറ്ററുടെ പരാമർശം. ഇതോടെ ക്ഷേത്രം വീണ്ടും ആഗോളതലത്തിൽ ശ്രദ്ധ നേടുകയായിരുന്നു. വിദേശത്തേക്ക് പോകാനുള്ള ആഗ്രഹവുമായി നിരവധി പേർ ഇവിടെ പ്രാർത്ഥന നടത്താറുള്ളതിനാൽ ‘വിസ ബാലാജി ക്ഷേത്രം’ എന്ന പേരിലും ഇത് അറിയപ്പെടുന്നു.

എച്ച്-1ബി, എൽ-1, എഫ്-1, ഒപിടി പദ്ധതികൾ അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ കുറയ്ക്കുന്നുവെന്നും ശമ്പള നിരക്കുകളിൽ സമ്മർദം സൃഷ്ടിക്കുന്നുവെന്നും എറിക് ഷ്മിറ്റ് ആരോപിച്ചു. അമേരിക്കൻ മധ്യവർഗത്തെ ഈ സംവിധാനങ്ങൾ ബാധിക്കുകയാണെന്നും, വഞ്ചനയും ദുരുപയോഗവും വ്യാപകമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

2023 മുതൽ മിസോറിയിൽ നിന്നുള്ള യുഎസ് സെനറ്ററായി പ്രവർത്തിക്കുന്ന റിപ്പബ്ലിക്കൻ നേതാവാണ് എറിക് ഷ്മിറ്റ്. അദ്ദേഹത്തിന്റെ പരാമർശം ഇന്ത്യയിലും അമേരിക്കയിലും വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

You may also like