തിരുവനന്തപുരം: രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ അംഗമാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണം; പാർട്ടിക്കായി നിലകൊണ്ട നേതാവെന്ന് കെ മുരളീധരൻ. പാർട്ടിയുടെ നയങ്ങൾക്കനുസരിച്ച് എല്ലായ്പ്പോഴും പ്രവർത്തിച്ച നേതാവാണ് ചെന്നിത്തലയെന്നും, അദ്ദേഹത്തെ പോലുള്ളവർ മന്ത്രിസഭയിൽ ഉണ്ടാകേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ അനുകൂലമല്ലാത്ത തീരുമാനങ്ങൾ വന്നപ്പോഴും അദ്ദേഹം ഒരിക്കലും വിമത നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, പാർട്ടിയോടുള്ള വിശ്വസ്തത എല്ലാകാലത്തും കാത്തുസൂക്ഷിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മുരളീധരൻ വ്യക്തമാക്കി. പുതിയ മന്ത്രിസഭയിൽ ശക്തമായ സാന്നിധ്യമായി ചെന്നിത്തല ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം നിരവധി ചർച്ചകൾക്കും കടമ്പകൾക്കും ശേഷമാണ് ഹൈക്കമാൻഡ് എടുത്തതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകാൻ വി ഡി സതീശന് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ വികാരവും ഘടകകക്ഷികളുടെ നിലപാടും പരിഗണിച്ചാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊണ്ടതെന്നും, പ്രഖ്യാപനത്തിന് ശേഷമുള്ള കെ സി വേണുഗോപാലിന്റെ പ്രതികരണം മാതൃകാപരമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

