ചെന്നൈ: നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർന്നതായി ആരോപിച്ച് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
തുടർച്ചയായി ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദേശീയതല പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വിജയ് സാമൂഹികമാധ്യമ കുറിപ്പിൽ പറഞ്ഞു. നീറ്റ് പരീക്ഷയുടെ നിലവിലെ ഘടന നഗരപ്രദേശങ്ങളിലെ സമ്പന്നരായ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കും മാത്രമാണ് കൂടുതൽ ഗുണകരമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2024-ൽ ആറ് സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിബിഐ അന്വേഷണം നടന്നിരുന്നു. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പരീക്ഷാ പരിഷ്കാരങ്ങൾക്ക് നിരവധി ശുപാർശകളും സമർപ്പിച്ചിരുന്നു. എന്നാൽ അതിനുശേഷവും വീണ്ടും ക്രമക്കേടുകൾ ആവർത്തിക്കപ്പെട്ടത് പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണെന്ന് വിജയ് ചൂണ്ടിക്കാട്ടി.
ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്കും സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർഥികൾക്കും നീറ്റ് വലിയ തിരിച്ചടിയാണെന്നാണ് തമിഴ്നാട്ടിന്റെ നിലപാട്. നീറ്റ് പരീക്ഷ ആരംഭിച്ച കാലം മുതൽ തന്നെ തമിഴ്നാട് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

