Home Keralaസതീശനെ പരിഹസിച്ച പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് ജനീഷ് കുമാര്‍; ‘കോന്നിയുടെ വനസൗന്ദര്യം പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം’

സതീശനെ പരിഹസിച്ച പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് ജനീഷ് കുമാര്‍; ‘കോന്നിയുടെ വനസൗന്ദര്യം പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം’

by news_desk1
0 comments

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ചുള്ള പഴയ പരിഹാസപരാമര്‍ശത്തില്‍ വിശദീകരണവുമായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. കോന്നിയുടെ വനസൗന്ദര്യം പുറംലോകത്തെ അറിയിക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ജനീഷ് കുമാര്‍ ഇപ്പോള്‍ വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വി.ഡി. സതീശനെ പരിഹസിച്ച് “വനവാസത്തിന് പറ്റിയ കാടുകള്‍ കോന്നിയിലുണ്ട്” എന്നായിരുന്നു ജനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുകയും വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് എംഎല്‍എയുടെ പുതിയ വിശദീകരണം.

ശ്രീരാമചന്ദ്രന്റെ വനവാസ സ്മരണകളുമായി ബന്ധപ്പെട്ട മണ്ണാണ് കോന്നിയെന്നും, വനസൗന്ദര്യം നിറഞ്ഞ പ്രദേശമെന്ന നിലയിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ജനീഷ് കുമാര്‍ പറഞ്ഞു. കോന്നിയിലെ പ്രകൃതി ഭംഗിയും വിനോദസഞ്ചാര സാധ്യതകളും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന് മുന്‍പ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയം നേടാനാകില്ലെന്നായിരുന്നു ജനീഷ് കുമാറിന്റെ വിമര്‍ശനം. തോല്‍വിക്ക് ശേഷം സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും അദ്ദേഹം അന്ന് പരിഹസിച്ചിരുന്നു.

You may also like