Home Keralaകാലവർഷം നേരത്തെയെത്തും; ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ട്, ശക്തമായ മഴ മുന്നറിയിപ്പ്

കാലവർഷം നേരത്തെയെത്തും; ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ട്, ശക്തമായ മഴ മുന്നറിയിപ്പ്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 26ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകാനാണ് സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലേക്കുള്ള മുന്നറിയിപ്പിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.

നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ദുര്‍ബലമായ വീടുകളിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

മരങ്ങൾ കടപുഴകി വീഴൽ, വൈദ്യുതി പോസ്റ്റുകൾ തകർച്ച എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

You may also like