പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ ഏഴ് പ്രതികൾക്ക് മണ്ണാർക്കാട് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്.
2025 ഡിസംബർ 17നാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മോഷണശ്രമം ആരോപിച്ച് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാം നാരായൺ പിന്നീട് മരണപ്പെടുകയായിരുന്നു.
കേസിൽ കൊലക്കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തിയിരുന്നു. സ്ത്രീകളടക്കം 20 പേരെ പ്രതിചേർത്ത കേസിൽ നാല് പേർ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു.
ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരായണിനെ ബംഗ്ലാദേശിയാണോയെന്ന് ചോദിച്ചാണ് ആക്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

