തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകൾക്ക് വിരാമമിട്ട് കെസി വേണുഗോപാലും വി ഡി സതീശനും ഒരുമിച്ച് മാധ്യമങ്ങൾക്കുമുന്നിലെത്തി. വിഡി സതീശൻ നയിക്കുന്ന മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങൾക്കൊപ്പം എല്ലാവരും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച വി ഡി സതീശൻ, വ്യക്തികൾക്കുവേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്ന് പറഞ്ഞു. എല്ലാ വിഷയങ്ങളും ചർച്ചചെയ്ത് കൂട്ടായ്മയോടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭയുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറുമെന്നും സതീശൻ അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തലയുടെ വസതിയിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.
മന്ത്രിസഭ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ മുതിർന്ന നേതാക്കളെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കുന്ന നീക്കത്തിലാണ് വി ഡി സതീശൻ.

