തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനൊരുങ്ങി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറയ്ക്കുകയും വിതരണം സുഗമമാക്കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ 3000ത്തിലധികം ഹോട്ടലുകള്‍ അടച്ചിടാനാണ് സംഘടനയുടെ തീരുമാനം.
ചെറുകിട ഹോട്ടല്‍-റസ്റ്റോറന്റ് മേഖല നിലവിലെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, വാണിജ്യ സിലിണ്ടറുകളുടെ അമിതവില കാരണം മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും അസോസിയേഷന് വ്യക്തമാക്കി.
ജൂണ്‍ ഒന്നിനകം പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ദേശീയതല സമരപരിപാടികളിലേക്ക് കടക്കുമെന്നും സംഘടന അറിയിച്ചു. ഇതിനായി മറ്റു സംസ്ഥാനങ്ങളിലെ ഹോട്ടല്‍ സംഘടനകളുമായി സഹകരിച്ച് പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കമുണ്ട്.
അതേസമയം, സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി നേരിടുന്നതിനായി സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ പ്രത്യേക ‘വാര് റൂം’ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് നടപടി.
സ്കൂള്‍-കോളേജ് ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ ക്യാന്റീനുകള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്കി വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാര്‍ഹികേതര ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഐടി മിഷന്റെ സഹകരണത്തോടെ സിവില്‍ സപ്ലൈസ് വകുപ്പ് വിവരങ്ങള്‍ വിശകലനം ചെയ്ത് അന്തിമ പട്ടിക തയ്യാറാക്കും.

