അമൃത്സർ: ജീൻസും ടോപ്പും ധരിക്കുന്നതിനെ എതിർത്തതിനെ തുടർന്ന് പിതാവിന് നേരെ യുവതി വെടിയുതിർത്തു. പഞ്ചാബിലെ ഖൽചിയാൻ ഗ്രാമത്തിൽ മെയ് 14-നാണ് സംഭവം നടന്നത്.
സ്നേഹ്ദീപ് കൗർ എന്ന 21കാരിയാണ് ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് പിതാവായ പർമീന്ദർ സിങ്ങിന് നേരെ വെടിയുതിർന്നതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റ പർമീന്ദർ സിങ്ങിനെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്നേഹ്ദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകളും തമ്മിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്ഥിരമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ജീൻസും ടോപ്പും ധരിക്കുന്നതിനെ പിതാവ് എതിർത്തിരുന്നതായും വിദേശത്തേക്ക് പോകാനുള്ള മകളുടെ ആഗ്രഹത്തെയും അദ്ദേഹം എതിർത്തിരുന്നതായും പൊലീസ് വ്യക്തമാക്കി.

