Home Keralaചെന്നിത്തലയുടെ നിർദേശം അംഗീകരിച്ചതായി സൂചന; ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിസഭയിലേക്ക്

ചെന്നിത്തലയുടെ നിർദേശം അംഗീകരിച്ചതായി സൂചന; ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിസഭയിലേക്ക്

by news_desk1
0 comments

തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച സമവായ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഇരുവർക്കും ടേം വ്യവസ്ഥ പ്രകാരമായിരിക്കും മന്ത്രിസ്ഥാനം ലഭിക്കുക.

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ തനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ പ്രതികരിച്ചു. അന്തിമ തീരുമാനം എഐസിസിയുടേതാണെന്നും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കോൺഗ്രസ് നേതൃത്വം അവഗണിക്കില്ലെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടികവർഗ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഐ.സി. ബാലകൃഷ്ണൻ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് തർക്കങ്ങൾക്ക് ഭാഗിക പരിഹാരമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ അന്തിമ ചിത്രം വ്യക്തമാകൂവെന്നാണ് വിലയിരുത്തൽ.

അതേസമയം പുതിയ മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികളെ ചൊല്ലി പാർട്ടിക്കുള്ളിൽ ഭിന്നത തുടരുകയാണ്. വിവിധ ഗ്രൂപ്പുകൾ സ്വന്തം നേതാക്കൾക്കായി ശക്തമായ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ നേതൃത്വത്തിന് സമവായത്തിലെത്തുക വെല്ലുവിളിയായിരിക്കുകയാണ്. ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരെ മന്ത്രിമാരാക്കണമെന്ന ആവശ്യം വിവിധ വിഭാഗങ്ങൾ ഉയർത്തുന്നുണ്ട്.

മുതിർന്ന നേതാവ് എൻ. ശക്തൻ മന്ത്രിസ്ഥാനമോ സ്പീക്കർ പദവിയോ വേണമെന്ന ആവശ്യം ഉന്നയിച്ചതും ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാക്കി. ഇതിനൊപ്പം സാമുദായിക സംഘടനകളുടെ സമ്മർദ്ദവും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്. ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭ നേതൃത്വം തുറന്നുപറഞ്ഞിട്ടുണ്ട്.

You may also like