കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായിരിക്കുകയാണ്. അധികാരമാറ്റം എന്നത് ഭരണപരമായ മാറ്റം മാത്രമല്ല, ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ആശങ്കകളും ചേർന്ന ഒരു വലിയ ജനാധിപത്യ ഉത്തരവാദിത്തം കൂടിയാണ്. ആ ഉത്തരവാദിത്തത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ടുള്ള തുടക്കമാണ് പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കേരളത്തിന് മുന്നിൽ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ വെച്ച പ്രധാന വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള രാഷ്ട്രീയ മനസ്സാണ് ആദ്യ ദിനം തന്നെ സർക്കാർ പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരണം, ആശാവർക്കർമാരുടെ ഓണറേറിയം വർധന, അങ്കണവാടി ജീവനക്കാരുടെയും പാചക തൊഴിലാളികളുടെയും വേതന വർധന-ഇവയെല്ലാം വെറും പ്രഖ്യാപനങ്ങളായി ഒതുങ്ങാതെ തീരുമാനങ്ങളായി മാറിയത് ഭരണത്തിന്റെ ദിശ വ്യക്തമാക്കുന്നതാണ്.
ജനങ്ങളോട് പറഞ്ഞത് ചെയ്യാൻ തയ്യാറുള്ള സർക്കാർ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമം ആദ്യ ദിനം തന്നെ വിജയിച്ചതായി പറയാം. തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനവിശ്വാസത്തെ ആദരിക്കാനുള്ള രാഷ്ട്രീയ വിനയത്തിന്റെ അടയാളവുമാണ് ഈ തീരുമാനങ്ങൾ. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന വിഷയങ്ങളിൽ ഇടപെടാൻ സർക്കാർ തയ്യാറാണെന്ന ഉറച്ച സന്ദേശം സമൂഹത്തിന് ലഭിച്ചു. എന്നാൽ, ജനപ്രിയ തീരുമാനങ്ങൾ എടുക്കുക എളുപ്പമാണ്; അവ ദീർഘകാലം സാമ്പത്തിക സ്ഥിരതയോടെ നടപ്പാക്കുക എന്നതാണ് യഥാർഥ വെല്ലുവിളി. സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ ഗുരുതരമാണെന്ന യാഥാർഥ്യം പുതിയ സർക്കാരിന് മറികടക്കാനാകില്ല. കടബാധ്യത, വരുമാനക്കുറവ്, ക്ഷേമപദ്ധതികളുടെ ഭാരം, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ-ഇവയെല്ലാം കേരളത്തിന്റെ വികസനപാതയിൽ വലിയ തടസ്സങ്ങളാണ്.
ഈ സാഹചര്യത്തിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പങ്ക് നിർണായകമാകും. നികുതി വരുമാനം വർധിപ്പിക്കൽ, അനാവശ്യ ചോർച്ചകൾ തടയൽ, ചെലവുകളിൽ കൃത്യമായ നിയന്ത്രണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനസംഘടന തുടങ്ങിയ വിഷയങ്ങളിൽ കർശനവും ദൂരദർശിയുമായ സമീപനം ആവശ്യമാണ്. പ്രഖ്യാപനങ്ങൾ മാത്രം പോര; പ്രവർത്തനത്തിൽ കൃത്യതയും സമയബന്ധിതതയും വേണം. ജനങ്ങൾ ഇപ്പോൾ കൂടുതൽ ബോധവാന്മാരാണ്. വാഗ്ദാനങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അകലം അവർ വളരെ വേഗം തിരിച്ചറിയും. സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി പോലുള്ള ജനപ്രിയ തീരുമാനങ്ങൾ സാമൂഹികമായി വലിയ സ്വീകാര്യത നേടുമെങ്കിലും സ്വകാര്യ ബസ് മേഖലയിലെ ആശങ്കകൾ അവഗണിക്കാനാവില്ല. പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വകാര്യ ഗതാഗത മേഖലയെയും സംരക്ഷിക്കുന്ന സമതുലിതമായ നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. വികസനം സംഘർഷത്തിലൂടെ അല്ല, സംവാദത്തിലൂടെയാണ് മുന്നോട്ട് പോകേണ്ടത്. പുതിയ സർക്കാരിന് മുന്നിലെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളായിരിക്കും.
കഴിഞ്ഞ പത്ത് വർഷമായി കേരളം നേരിട്ട സാമ്പത്തിക നിയന്ത്രണങ്ങളും കേന്ദ്ര അവഗണനയും സംസ്ഥാനത്തിന്റെ വളർച്ചയെ ശക്തമായി ബാധിച്ചു. ജി.എസ്.ടി കുടിശ്ശിക മുതൽ കടപരിധി നിയന്ത്രണം വരെ കേരളം നിരന്തരം പ്രതിസന്ധി നേരിട്ടു. പുതിയ സർക്കാരും സമാനമായ സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുമെന്നത് യാഥാർഥ്യമാണ്. അതോടൊപ്പം തന്നെ, ഗവർണർ-സർക്കാർ സംഘർഷത്തിന്റെ പുതിയ അധ്യായങ്ങൾ തുറക്കപ്പെടാനും സാധ്യതയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കണ്ട ഭരണഘടനാ പ്രതിസന്ധികളുടെ നിഴൽ കേരളത്തെയും ബാധിക്കാം. അത്തരം സാഹചര്യങ്ങളിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടും ജനാധിപത്യത്തിന്റെ ആത്മാവ് ഉയർത്തിപ്പിടിച്ചുകൊണ്ടും മുന്നോട്ട് പോകാനുള്ള രാഷ്ട്രീയ പക്വത സർക്കാരിന് അനിവാര്യമാണ്. പക്ഷേ, എല്ലാ വെല്ലുവിളികൾക്കും മുകളിലായി നിൽക്കുന്നത് ജനങ്ങളുടെ പ്രതീക്ഷയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ, കാർഷിക പ്രതിസന്ധി, വിദ്യാഭ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ-ഇങ്ങനെ അനവധി വിഷയങ്ങൾ പരിഹാരം കാത്തിരിക്കുന്നു. ജനങ്ങൾ ഇനി രാഷ്ട്രീയ വാഗ്വാദങ്ങൾ അല്ല, ഫലപ്രദമായ ഭരണമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സർക്കാർ ജനങ്ങളെ കേൾക്കുന്ന ഭരണമായി മാറണം. വിമർശനങ്ങളെ ശത്രുതയായി കാണാതെ തിരുത്തലിന്റെ അവസരമായി കാണണം. ഭരണകൂടത്തിന്റെ വാതിലുകൾ എല്ലാ വിഭാഗങ്ങൾക്കും തുറന്നിരിക്കണം.
അധികാരത്തിന്റെ അഹങ്കാരമല്ല, സേവനത്തിന്റെ വിനയമായിരിക്കണം പുതിയ ഭരണത്തിന്റെ മുഖമുദ്ര. കേരളം പല പ്രതിസന്ധികളെയും അതിജീവിച്ചത് ഐക്യത്തോടെയും സാമൂഹിക ബോധത്തോടെയുമാണ്. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ സർക്കാരിന് കഴിയട്ടെ. ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും വിശ്വാസത്തോടെ പാലിച്ച്, രാഷ്ട്രീയ കേരളത്തിന്റെ ജനാധിപത്യ മനസ്സിനെ കൂടുതൽ ഉണർവോടെയും ആത്മവിശ്വാസത്തോടെയും നയിക്കാൻ വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് സാധിക്കട്ടെയെന്ന പ്രത്യാശയോടെയാണ് കേരളം പുതിയ പ്രഭാതത്തെ വരവേൽക്കുന്നത്.

