Home Keralaഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ട; സഹകരണത്തോടെ മുന്നോട്ട് പോകും: പി സി വിഷ്ണുനാഥ്

ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ട; സഹകരണത്തോടെ മുന്നോട്ട് പോകും: പി സി വിഷ്ണുനാഥ്

by news_desk1
0 comments

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി നല്ല ബന്ധം പുലര്‍ത്താനാണ് സര്‍ക്കാരിന്റെ നിലപാടെന്നും അനാവശ്യ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ്. എന്നാല്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യം ഉണ്ടായാല്‍ സര്‍ക്കാര്‍ സ്വന്തം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ഉടന്‍ ഇക്കാര്യം അറിയിക്കുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. മാധ്യമങ്ങളെയും ജനങ്ങളെയും ഒഴിവാക്കി പ്രവര്‍ത്തിക്കുന്ന ശൈലി പുതിയ സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വന്‍ ജനാവലിയെത്തിയത് മാറ്റത്തിനുള്ള ജനങ്ങളുടെ പ്രതീക്ഷയുടെ സൂചനയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി ജനങ്ങളെ അകറ്റിനിര്‍ത്തിയ ഭരണശൈലിയാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്നും സെക്രട്ടേറിയറ്റിനെ ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച ‘രാവണന്‍ കോട്ട’യാക്കി മാറ്റിയിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതുപോലെയാണ് സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള പ്രവേശന സൗകര്യവും സമീപന സൗകര്യവും അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതായും പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന സന്ദേശമാണ് അതിലൂടെ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ സാമ്പത്തികവും ഭരണപരവുമായ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയാനാണ് ധവളപത്രം പുറത്തിറക്കുന്നതെന്നും കേരളത്തിന് ദോഷകരമായ ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

You may also like