തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ഗൺമാൻമാരുടെ മർദനക്കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കാൻ ഡിജിപി ആഭ്യന്തര വകുപ്പിന് ശുപാർശ കൈമാറി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇന്ന് തന്നെ എസ്ഐടി രൂപീകരിക്കാനാണ് സർക്കാർ നീക്കം.
ആഭ്യന്തരമന്ത്രി ശുപാർശ പരിശോധിച്ച ശേഷം ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. കേസിലെ പ്രതികളായ ഗൺമാൻ അനിൽകുമാറിനെയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയും പരിഗണനയിലാണ്.
കഴിഞ്ഞ ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസിൽ പുനരന്വേഷണം നടത്താൻ തീരുമാനമായത്. മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എസ്ഐടിയിലെ അംഗങ്ങളെ ആഭ്യന്തര വകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ നവകേരള യാത്രയ്ക്കിടെ കെഎസ്യു നേതാവും നിയുക്ത എംഎൽഎയുമായ എ ഡി തോമസ് ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെയുണ്ടായ മർദനമാണ് കേസിന് ആധാരം.
സംഭവത്തിൽ അനിൽകുമാറിനും സന്ദീപിനും കുറ്റമില്ലെന്ന റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ മുൻനീക്കം. എന്നാൽ കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന ആരോപണം ശക്തമായിരുന്നു.

