കൊച്ചി: ഫാഷൻ ഷോകളുടെ പേരിൽ യുവ മോഡലുകളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ അലീനയും സിന്ധുവും അറസ്റ്റിലായിരുന്നു.
മോഡലിംഗ് അവസരങ്ങളും ഫാഷൻ ഷോകളിലും പങ്കെടുപ്പിക്കാമെന്ന വാഗ്ദാനങ്ങളുമായാണ് യുവതികളെ ദുബായിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണസംഘം കണ്ടെത്തി. സെലിബ്രിറ്റികളെ ഉൾപ്പെടുത്തി പരസ്യപ്രചാരണം നടത്തിയ അലീന യുവതികളുടെ വിശ്വാസം നേടുകയും, യാത്രാ ക്രമീകരണങ്ങൾക്ക് സിന്ധു നേതൃത്വം നൽകുകയും ചെയ്തതായാണ് പൊലീസിന്റെ കണ്ടെത്തൽ.
ദുബായിലെത്തിച്ച യുവതികൾക്ക് നേരെ ക്രൂരമായ പീഡനങ്ങളാണ് ഉണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു. ലഹരിവസ്തുക്കൾ നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയതായും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവിധർക്കായി ചൂഷണം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാക്കറ്റുമായി ബന്ധപ്പെട്ട രണ്ട് പേർ ഇപ്പോഴും ദുബായിലുണ്ടെന്നാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു.
കൂടുതൽ യുവതികൾ സമാന രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടോയെന്നും അന്തർദേശീയ തലത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

