Home Top Stories‘സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, സെക്രട്ടറി സ്ഥാനത്തിനായി പിടിവലി

‘സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, സെക്രട്ടറി സ്ഥാനത്തിനായി പിടിവലി

by news_desk
0 comments

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര കലഹവും പരസ്യവിമർശനങ്ങളും പുകയുന്നു. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അംഗങ്ങൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ തികഞ്ഞ പരാജയമാണെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഭാര്യ മത്സരിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി കണ്ണൂർ കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും, തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിക്ക് കൃത്യമായ നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകാൻ പറ്റിയ യോഗ്യരായ നേതാക്കൾ ഇല്ലെന്ന എം.വി. ഗോവിന്ദന്റെ മുൻ പ്രസ്താവനയ്ക്കെതിരെയും യോഗത്തിൽ കടുത്ത പ്രതിഷേധമുയർന്നു. എം.വി. ഗോവിന്ദൻ എന്നാണ് പാർട്ടി പ്രവർത്തനം തുടങ്ങിയതെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അക്കാലം മുതൽക്കേ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും മുതിർന്ന നേതാവ് എൻ. രതീന്ദ്രൻ തുറന്നടിച്ചു. തങ്ങളാരും ജില്ലാ സെക്രട്ടറിയാകാൻ യോഗ്യരല്ലെന്ന് പറയാൻ അദ്ദേഹത്തിന് എങ്ങനെ കഴിയുമെന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. നിലവിലെ ജില്ലാ സെക്രട്ടറിയായിരുന്ന വി. ജോയ് വീണ്ടും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരത്ത് പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നത്. നിലവിൽ മുൻ മന്ത്രി വി. ശിവൻകുട്ടി, വി. ജോയ്, കെ.എസ്. സുനിൽകുമാർ എന്നിവർ സെക്രട്ടറി സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പുതിയ സെക്രട്ടറിയെ നിശ്ചയിക്കും. സമവായമായില്ലെങ്കിൽ മത്സരത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതേസമയം, യോഗത്തിൽ മുൻ മേയർക്കെതിരെ വി. ശിവൻകുട്ടി കടുത്ത ഭാഷയിൽ രംഗത്തെത്തിയത് ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുൻ മേയറെ പ്രചാരണ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ള വോട്ടർമാർ കടുത്ത രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ചതായി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. മുഖത്ത് കാറിത്തുപ്പുന്നതിന് സമാനമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. പതിനാലായിരത്തിലധികം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്ന ഒരു പ്രത്യേക ബൂത്തിൽ ഈ ജനരോഷം കാരണം വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് പാർട്ടിക്ക് ലഭിച്ചതെന്നും ശിവൻകുട്ടി യോഗത്തിൽ തുറന്നടിച്ചു. വരും ദിവസങ്ങളിൽ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ കൂടുതൽ രൂക്ഷമാകുമെന്ന സൂചനകളാണ് തലസ്ഥാനത്തെ പാർട്ടി യോഗത്തിൽ നിന്നും പുറത്തുവരുന്നത്.

You may also like