കൊച്ചി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ദിരാഭവനിൽ വിജയാഘോഷത്തിനിടെ സഹപ്രവർത്തകരെ ആലിംഗനം ചെയ്ത സംഭവത്തിൽ ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, തന്റെ ഭാഗത്ത് അനൗചിത്യം സംഭവിച്ചിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ പരിസരബോധം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ആൺ-പെൺ വ്യത്യാസമില്ലാതെ സഹപ്രവർത്തകരോട് സ്നേഹപ്രകടനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
താൻ പ്രകടിപ്പിച്ചത് പിതൃതുല്യമായ സ്നേഹമാണെന്നും, അതിനെ തെറ്റായ രീതിയിൽ അവതരിപ്പിച്ചതാണ് തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതെന്നും അദ്ദേഹം കുറിച്ചു. വർഷങ്ങളായി പരിചയമുള്ള സഹപ്രവർത്തകരെ കുടുംബാംഗങ്ങളോടുള്ള സ്നേഹത്തോടെ സമീപിച്ചതാണെന്നും വിശദീകരണത്തിൽ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്നും അതുമൂലം മാനസികമായി തളർന്നെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ഉറക്കമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പിന്തുണയും ആശ്വാസവും നൽകിയവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപരമായ വെല്ലുവിളികളും കുറിപ്പിൽ പരാമർശിച്ച അദ്ദേഹം, വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ശാരീരിക പരിക്കുകളുടെ ചികിത്സ തുടരുന്നതിനാലാണ് ഇപ്പോഴും സജീവമായി തുടരുന്നതെന്നും കൂട്ടിച്ചേർത്തു. സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പിന്റെ വിശദീകരണം പുറത്തുവന്നത്.

