ന്യൂഡല്‍ഹി: ആക്ഷേപഹാസ്യ രാഷ്ട്രീയ സംരംഭമായി ശ്രദ്ധ നേടിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് വിവരം. നടപടി പ്രതീക്ഷിച്ചിരുന്നതായാണ് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപക് പ്രതികരിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ വലിയ ചര്‍ച്ചയായ ഈ അക്കൗണ്ടിന് ഏകദേശം 1.65 ലക്ഷം ഫോളോവേഴ്സുണ്ടായിരുന്നു. അതേസമയം, പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിലവില്‍ സജീവമായി തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയിലെ ഒരു കേസിന്റെ വാദത്തിനിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ‘കോക്രോച്ച് ജനത പാര്‍ട്ടി’ എന്ന പേരില്‍ ആക്ഷേപഹാസ്യ അക്കൗണ്ട് രൂപം കൊണ്ടത്. ചില യുവാക്കളെയും സാമൂഹിക ഇടപെടലുകളെയും വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
തുടര്‍ന്ന് യുവാക്കളുടെ ശബ്ദമെന്ന നിലയിലാണ് ഈ സമൂഹമാധ്യമ സംരംഭം രൂപീകരിക്കപ്പെട്ടത്. ‘യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രവര്‍ത്തനം. രാഷ്ട്രീയ സംവിധാനങ്ങളെയും സാമൂഹിക വിഷയങ്ങളെയും ആക്ഷേപഹാസ്യ ശൈലിയില്‍ അവതരിപ്പിക്കുന്നതിലൂടെയാണ് അക്കൗണ്ട് ശ്രദ്ധ നേടിയത്.
രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ ഉള്‍പ്പെടുത്തിയ ഒരു പ്രഖ്യാപനരേഖയും ഈ കൂട്ടായ്മ അവതരിപ്പിച്ചിരുന്നു. സമൂഹമാധ്യമ ഇടപെടലുകളും പൊതുചര്‍ച്ചകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്കും ഈ സംഭവവികാസം വഴിവെച്ചിരിക്കുകയാണ്.

