Home Keralaമോഡലിങ് വാഗ്ദാനത്തിൽ വിദേശത്തേക്ക് യുവതികളെ എത്തിച്ച മുഖ്യകണ്ണി ബിലാലെന്ന് പൊലീസ്; പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും കണ്ടെത്തൽ

മോഡലിങ് വാഗ്ദാനത്തിൽ വിദേശത്തേക്ക് യുവതികളെ എത്തിച്ച മുഖ്യകണ്ണി ബിലാലെന്ന് പൊലീസ്; പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും കണ്ടെത്തൽ

by news_desk1
0 comments

കൊച്ചി: മോഡലിങ് വാഗ്ദാനം നൽകി യുവതികളെ വിദേശത്തേക്ക് എത്തിച്ച കേസിൽ അറസ്റ്റിലായ ബിലാൽ മുഖ്യകണ്ണിയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. വിദേശത്തേക്ക് യുവതികളെ എത്തിക്കുന്ന ശൃംഖലയുമായി ഇയാൾക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

അറസ്റ്റിലായ സഹപ്രതി സിന്ധുവിനെ ബിലാൽ ദുബൈയിൽ വെച്ചാണ് പരിചയപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവതികൾക്കായി വിസ നടപടികൾ സിന്ധു നടത്തിയത് ബിലാലിന്റെ നിർദേശപ്രകാരമാണെന്നും പൊലീസ് പറയുന്നു.

ബിലാൽ വിവിധ പേരുകളിലാണ് പ്രവർത്തിച്ചിരുന്നതെന്നും ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി യുവതികളുടെ ചിത്രങ്ങൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. യുവതികളുടെ ചിത്രങ്ങളും വിവരങ്ങളും കൈമാറുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ ബിലാൽ, ശ്രീകുമാർ ഉൾപ്പെടെ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. മാവേലിക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഫാഷൻ ഷോയും മോഡലിങ് അവസരങ്ങളും വാഗ്ദാനം ചെയ്താണ് മലയാളി യുവതികളെ ദുബൈയിലേക്ക് കൊണ്ടുപോയതെന്നാണ് അന്വേഷണ വിവരം.

ഇതിനിടെ ഒന്നാം പ്രതിയായ സിന്ധുവിനെതിരെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് കൈമാറുകയും സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയാവുകയും ചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ചാറ്റ് രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളുടെ പങ്ക് അന്വേഷിച്ചുവരികയാണ്. ബിലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

You may also like