Home Internationalഇറാൻ-അമേരിക്ക സമാധാന നീക്കത്തിൽ പ്രതീക്ഷയുടെ സൂചനകൾ; അമിത ശുഭാപ്തി വേണ്ടെന്ന് മാർക്കോ റൂബിയോ

ഇറാൻ-അമേരിക്ക സമാധാന നീക്കത്തിൽ പ്രതീക്ഷയുടെ സൂചനകൾ; അമിത ശുഭാപ്തി വേണ്ടെന്ന് മാർക്കോ റൂബിയോ

by news_desk1
0 comments

ഫ്ലോറിഡ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ചില അനുകൂല സൂചനകൾ ലഭിക്കുന്നുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമിത ശുഭാപ്തി പ്രകടിപ്പിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സ്വീഡനിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൂബിയോ.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാൽ നയതന്ത്രപരമായ ഏതൊരു സമാധാന കരാറും പ്രായോഗികമാകില്ലെന്ന് റൂബിയോ മുന്നറിയിപ്പ് നൽകി. ലോക വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്നാണ് ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാധാന കരാറിനായുള്ള അടിസ്ഥാനരേഖ രൂപപ്പെടുത്തുന്നതിനുള്ള നിലപാടുകൾ ഇരുപക്ഷവും പരസ്പരം കൈമാറുന്ന ഘട്ടത്തിലാണെന്നാണ് വിവരം.

മധ്യസ്ഥ ശ്രമങ്ങളിൽ പാകിസ്താൻ സജീവമായി ഇടപെടുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അന്തിമ ധാരണയിലെത്താൻ ഇപ്പോഴും സമയം വേണ്ടിവരുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.

അമേരിക്ക-ഇസ്രയേൽ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഇറാന്റെ നിലപാട് ആഗോള ശ്രദ്ധ നേടിയിരുന്നു. ലോകത്തെ എണ്ണക്കയറ്റുമതിയുടെ വലിയൊരു വിഹിതം കടന്നുപോകുന്ന ഈ പാതയിലെ അനിശ്ചിതത്വം അന്താരാഷ്ട്ര ഊർജ്ജ വിപണിയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.

സമാധാന ചർച്ചകൾ മുന്നോട്ട് പോകുമ്പോഴും മേഖലയിൽ സംഘർഷ സാധ്യത പൂർണമായി അവസാനിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.

You may also like