കൊച്ചി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജപ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി.
വ്യാജ സ്ക്രീൻഷോട്ടുകൾ സൃഷ്ടിച്ച് കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അക്കൗണ്ടുകൾക്കെതിരെ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നുവെന്ന് ദീപ്തി മേരി വർഗീസ് അറിയിച്ചു. ആ പരാതിയിൽ അന്വേഷണം വേഗത്തിലാക്കുകയും കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുകയും വേണമെന്നാണ് പുതിയ പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിർദേശം നൽകിയതായും ദീപ്തി മേരി വർഗീസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യമാധ്യമങ്ങൾ വഴി നടന്ന വ്യാജപ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

