മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ കടുവയുടെ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ ദാരുണമായി മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര് ഒരേ കുടുംബത്തില്‍പ്പെട്ടവരാണെന്നാണ് വിവരം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം നടന്നത്.
ബീഡി നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഇലകള്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ 13 അംഗ സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സംഘം കാട്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതിനിടെ കുറ്റിക്കാടിനുള്ളില്‍ ഒളിച്ചിരുന്ന കടുവ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
കടുവയെ കണ്ടതോടെ സംഘത്തിലുണ്ടായിരുന്ന ഒമ്പത് പേര് രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും നാല് സ്ത്രീകള്‍ക്ക് ഒഴിഞ്ഞുമാറാനായില്ല. ആക്രമണത്തില്‍ ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് ആശങ്കയും പ്രതിഷേധവും ശക്തമായി. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് വനംവകുപ്പും പൊലീസും സംയുക്തമായി പ്രദേശത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കി.
കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

