Home Businessഅമേരിക്കയിൽ നിന്ന് വൻതോതിൽ ഇറക്കുമതി; അഞ്ച് വർഷത്തിൽ 50,000 കോടി ഡോളർ വ്യാപാര ലക്ഷ്യമെന്ന് റൂബിയോ

അമേരിക്കയിൽ നിന്ന് വൻതോതിൽ ഇറക്കുമതി; അഞ്ച് വർഷത്തിൽ 50,000 കോടി ഡോളർ വ്യാപാര ലക്ഷ്യമെന്ന് റൂബിയോ

by news_desk1
0 comments

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അടുത്ത അഞ്ച് വർഷത്തിനിടെ ഇന്ത്യ അമേരിക്കയിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയായിരുന്നു റൂബിയോയുടെ പ്രതികരണം. ഊർജം, സാങ്കേതികവിദ്യ, കൃഷി എന്നീ പ്രധാന മേഖലകളിൽ സഹകരണം കൂടുതൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ അമേരിക്കൻ സംഘങ്ങൾ സജീവമായി ഇടപെടുന്നുണ്ടെന്നും റൂബിയോ വ്യക്തമാക്കി. വ്യാപാര കരാറുകളുടെ പുരോഗതിയിലും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും റൂബിയോ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര സഹകരണം, ഊർജ സുരക്ഷ, പ്രതിരോധ മേഖല, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

വ്യാപാര കരാർ വേഗത്തിൽ അന്തിമരൂപത്തിലെത്തിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയും അമേരിക്കയും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി അറിയിച്ചു. കരാറുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധിസംഘം ഉടൻ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളിൽ ഇന്ത്യ സ്വന്തം ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് നിലപാടുകൾ സ്വീകരിക്കുന്നതെന്നും, ഊർജ ഇറക്കുമതി രാജ്യമായതിനാൽ ഇന്ധന ലഭ്യതയും വിലസ്ഥിരതയും രാജ്യത്തിന് നിർണായകമാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

You may also like