തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ ശക്തമായ നടപടിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി.
സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയുടെ സാന്നിധ്യത്തിലായിരുന്നു നടപടി. നിർമാണങ്ങൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കടയുടമകൾക്ക് നഗരസഭ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നേരിട്ടുള്ള നടപടിയിലേക്ക് കടന്നത്.
ഇതിനുമുമ്പ് മേയർ വി.വി. രാജേഷ് പാളയം മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് പിന്നാലെയാണ് നഗരസഭ അടിയന്തര നടപടികൾ സ്വീകരിച്ചത്.
മാർക്കറ്റിൽ അനധികൃത നിർമാണങ്ങളും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പണപ്പിരിവുകളും ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് മേയർ വ്യക്തമാക്കി. മാർക്കറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും പരിശോധനയും നടപടിയും ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചു.

