Home Internationalഎബോള ജാഗ്രത ശക്തമാക്കി ഒമാൻ; യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന നിർദേശങ്ങൾ

എബോള ജാഗ്രത ശക്തമാക്കി ഒമാൻ; യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന നിർദേശങ്ങൾ

by news_desk1
0 comments

മസ്‌കറ്റ്: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഉഗാണ്ടയിലും എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദേശം പുറത്തിറക്കി. രോഗവ്യാപനം തടയുന്നതിനുള്ള ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ലോകാരോഗ്യ സംഘടനയുടെ ശുപാർശകളും അന്താരാഷ്ട്ര ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു. ‘ബുന്ദിബുഗ്യോ’ വൈറസ് വകഭേദവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും നിരീക്ഷണത്തിലാണെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

ഒമാനിലേക്കും ഒമാനിൽ നിന്നുമുള്ള സർവീസുകൾ നടത്തുന്ന എല്ലാ വിമാനക്കമ്പനികളും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരുടെ ആരോഗ്യനില പ്രത്യേകം നിരീക്ഷിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രോഗസാധ്യതയുള്ള മേഖലകളിൽ നിന്ന് എത്തുന്നവർക്ക് 21 ദിവസത്തെ ആരോഗ്യ നിരീക്ഷണവും മുൻകരുതൽ നടപടികളും നിർബന്ധമാക്കിയിട്ടുണ്ട്.

എബോള ബാധിത മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രയ്ക്ക് മുൻപും ശേഷവും ആരോഗ്യ വകുപ്പുകളുടെയും ലോകാരോഗ്യ സംഘടനയുടെയും ഔദ്യോഗിക നിർദേശങ്ങൾ പിന്തുടരണമെന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആവശ്യമായ സാഹചര്യങ്ങളിൽ ചികിത്സയും മെഡിക്കൽ മാറ്റിപ്പാർപ്പിക്കലും ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്നും പനി, രക്തസ്രാവം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവരിൽ നിന്ന് അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

രോഗബാധിതരുടെ രക്തം, ശരീരദ്രാവകങ്ങൾ, വ്യക്തിപരമായ ഉപയോഗ വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുമെന്നതിനാൽ പരമാവധി ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

You may also like