തൃശ്ശൂര്‍: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ പൂരം എക്സിബിഷന് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ ഒത്തുചേർന്ന് നടത്തിയ ഗാനമേള ശ്രദ്ധേയമായി. ‘സംഗീതമാണ് ലഹരി, ജീവിതമാണ് ലഹരി’ എന്ന വേറിട്ട സന്ദേശമുയർത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സി. കെ. സജികുമാര്‍ നിര്‍വ്വഹിച്ചു.
പാട്ടുകള്‍ക്കിടയിലെ ഇടവേളകളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പകരുകയും കാണികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തത് പരിപാടിയുടെ മാറ്റുകൂട്ടി. വിമുക്തി ഹെല്പ്ലൈന് നമ്പര്‍ അടങ്ങിയ കാര്‍ഡുകളുടെ വിതരണവും എക്സൈസ് വകുപ്പിന്റെ ഡി-അഡിക്ഷന് ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദീകരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ജില്ലയില്‍ മികച്ച രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ വേലൂര്‍ ഗ്രാസ്വേ ക്ലബ്ബിനും സമൂഹത്തിലേക്കിറങ്ങി ലഹരി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും സൗജന്യ ചികിത്സയും നടത്തി മാതൃകയായ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സെബിന്ദ് കുമാറിനുമുള്ള എക്സൈസ് വകുപ്പിന്റെ പ്രത്യേക പുരസ്കാരങ്ങൾ ചടങ്ങില്‍ വെച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിതരണം ചെയ്തു.
അസി. എക്സൈസ് കമ്മീഷണറും വിമുക്തി മിഷന് മാനേജരുമായ വിനീത് രവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് ഒ. ജെ. രാജീവ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം വത്സരാജ്, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, മദ്രാസ് യൂണിവേഴ്സിറ്റി സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥി ഫായിസ് മുഹമ്മദ് എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സി. ബിനോജ്, കെ. കെ. വത്സന്, ജെയ്സണ്‍ ജോസ്, ടി. കെ. കണ്ണന്, പ്രെവെന്റീവ് ഓഫീസര്‍ എ. മണികണ്ഠന്, സിവില്‍ എക്സൈസ് ഓഫീസര്‍ സി. എ. വൈഷ്ണവ് എന്നിവര്‍ ഈ സംഗീത വിരുന്നിനും ബോധവത്കരണ പരിപാടിക്കും നേതൃത്വം നല്കി. യുഡിഎഫ് സർക്കാരിന്റെ പുതിയ ലഹരിവിരുദ്ധ നയങ്ങളുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ ഇത്തരം വിപുലമായ ബോധവത്കരണ പരിപാടികളാണ് ഇനി വരും ദിവസങ്ങളിൽ എക്സൈസ് വകുപ്പ് വിഭാവനം ചെയ്യുന്നത്.

