Home Nationalസിദ്ധരാമയ്യ വെള്ളിയാഴ്ച രാജിവെച്ചേക്കും; ദേശീയ രാഷ്ട്രീയത്തിലേക്ക് നീക്കമെന്ന് സൂചന

സിദ്ധരാമയ്യ വെള്ളിയാഴ്ച രാജിവെച്ചേക്കും; ദേശീയ രാഷ്ട്രീയത്തിലേക്ക് നീക്കമെന്ന് സൂചന

by news_desk1
0 comments

ന്യൂഡൽ‍ഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ വെള്ളിയാഴ്ച രാജിവെച്ചേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ നിർണായക ചർച്ചകൾക്ക് പിന്നാലെയാണ് ഇത്തരത്തിലുള്ള വിവരങ്ങൾ പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്. രാജിക്ക് പിന്നാലെ സിദ്ധരാമയ്യയെ രാജ്യസഭയിലേക്ക് അയച്ച് ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കമെന്നാണ് വിവരം.

ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍യും നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക ചർച്ചകൾ നടന്നത്. ഇന്ദിരാഭവനിൽ നടന്ന യോഗത്തിൽ കർണാടക കോൺഗ്രസിലെ നേതൃത്വ തർക്കവും അധികാര വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് പ്രധാനമായും ചർച്ചയായതെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി രാജ്യസഭയിലേക്ക് പോകണമെന്ന് ഹൈക്കമാൻഡ് സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായും ദേശീയതലത്തിൽ ഉയർന്ന പദവി നൽകി അദ്ദേഹത്തെ സജീവമാക്കാനാണ് ആലോചനയെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. സിദ്ധരാമയ്യ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഹൈക്കമാൻഡ് ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്.

ചർച്ചകൾക്ക് ശേഷം സിദ്ധരാമയ്യ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. നാളെ അദ്ദേഹം ബെംഗളൂരുവിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അതിൽ നിർണായക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് സൂചന. കർണാടക കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നേതൃത്വമാറ്റ ചർച്ചകൾ സജീവമായിരിക്കുന്നത്.

You may also like