കോഴിക്കോട്: രണ്ട് പതിറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിനൊടുവിൽ സൗദി ജയിലിൽ നിന്ന് മോചിതനായ ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കുടുംബാംഗങ്ങളും നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ വിമാനത്താവളത്തിലെത്തി റഹീമിനെ സ്വീകരിച്ചു. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് കരിപ്പൂർ വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
“എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. വളരെ സന്തോഷമുണ്ട്,” എന്നായിരുന്നു നാട്ടിലെത്തിയ ഉടൻ അബ്ദുൽ റഹീമിന്റെ പ്രതികരണം. റഹീം വലിയ പെരുന്നാളിന് മുമ്പ് നാട്ടിലെത്തുമെന്ന പ്രതീക്ഷ കുടുംബത്തിനുണ്ടായിരുന്നെങ്കിലും അവസാന നിമിഷത്തിലാണ് നടപടികൾ പൂർത്തിയായത്. മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ട സൗദി അധികൃതർ ഒപ്പുവെച്ചത്. തുടർന്ന് എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതോടെ പെരുന്നാൾ ദിനത്തിൽ തന്നെ റഹീമിന് നാട്ടിലെത്താനായി.
2006 മുതൽ സൗദി അറേബ്യയിലെ ജയിലിലായിരുന്ന അബ്ദുൽ റഹീമിന്റെ 20 വർഷത്തെ ശിക്ഷാകാലാവധിയാണ് അടുത്തിടെ പൂർത്തിയായത്. സൗദി ബാലനായ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു റഹീം അറസ്റ്റിലായത്. 2012ൽ റഹീമിന് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും പിന്നീട് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
മരിച്ച ബാലന്റെ കുടുംബത്തിന് ഒന്നര കോടി സൗദി റിയാൽ, അതായത് 34 കോടിയിലധികം ഇന്ത്യൻ രൂപ ദിയാധനമായി നൽകിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചുനിന്നാണ് ഈ തുക സമാഹരിച്ചത്. ഇതോടെ വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളിൽ 20 വർഷം തടവുശിക്ഷ തുടരുകയായിരുന്നു.
2006 ഡിസംബർ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴുത്തിന് താഴെ ചലനശേഷിയില്ലാതിരുന്ന അനസ് അൽ ശഹ്രിക്ക് പ്രത്യേക ഉപകരണത്തിലൂടെയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ഷോപ്പിംഗിനായി പുറത്തുപോയ സമയത്ത് ട്രാഫിക് സിഗ്നൽ മറികടക്കാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് തർക്കിച്ചതായാണ് കേസ്. തുടർന്ന് അനസ് മുഖത്ത് തുപ്പിയപ്പോൾ അത് തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നാണ് റഹീമിന്റെ വിശദീകരണം.
സംഭവത്തിന് പിന്നാലെ സൗദി പൊലീസ് അബ്ദുൽ റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വർഷങ്ങളായുള്ള നിയമപോരാട്ടത്തിനും മലയാളികളുടെ കൂട്ടായ ഇടപെടലുകൾക്കുമൊടുവിലാണ് അബ്ദുൽ റഹീം വീണ്ടും സ്വന്തം നാട്ടിലെത്തിയത്.

