ന്യൂ ചണ്ഡീഗഡ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പ്രതീക്ഷ യുവതാരം വൈഭവ് സൂര്യവന്‍ഷിയിലാണ്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കാഴ്ചവെച്ച തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകം മുഴുവന്‍ ഈ യുവതാരത്തിലേക്കാണ് ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്.
പവര്‍പ്ലേ ഓവറുകളില്‍ എതിര്‍ ബൗളര്‍മാരെ തകര്‍ക്കുന്ന ആക്രമണ ശൈലിയിലൂടെ സൂര്യവന്‍ഷി ഇതിനോടകം ആരാധകരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ഹൈദരാബാദിനെതിരായ എലിമിനേറ്ററില്‍ വെറും 29 പന്തില്‍ 97 റണ്‍സ് അടിച്ചുകൂട്ടിയ താരം 12 സിക്‌സറുകളാണ് പറത്തിയത്. മത്സരത്തിന്റെ ഗതി പൂര്‍ണമായും മാറ്റിമറിച്ച ആ ഇന്നിങ്‌സ് രാജസ്ഥാനെ ക്വാളിഫയര്‍ രണ്ടിലെത്തിക്കുകയായിരുന്നു.
തന്ത്രശാലിയായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെയും ഹൈദരാബാദ് ബൗളര്‍മാരെയും സമ്മര്‍ദത്തിലാഴ്ത്തിയ സൂര്യവന്‍ഷിയുടെ ഇന്നിങ്‌സിന് ക്രിക്കറ്റ് ലോകത്ത് നിന്ന് വലിയ പ്രശംസയാണ് ലഭിച്ചത്. ബാറ്റ് സ്വിങ് അത്യുജ്വലമാണെന്ന് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അഭിപ്രായപ്പെട്ടു. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിനെ പോലും സൂര്യവന്‍ഷി മറികടന്നതും ശ്രദ്ധേയമായി.
വേഗമേറിയ ട്വന്റി-20 സെഞ്ചുറി എന്ന നേട്ടത്തിലേക്കും താരം കുതിച്ചുപോകുകയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി മൂന്ന് റണ്‍സിന് നഷ്ടമായെങ്കിലും ഗുജറാത്തിനെതിരെ അത് പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ ആരാധകര്‍.
അതേസമയം, കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് ‘ഡു ഓര്‍ ഡൈ’ മത്സരങ്ങള്‍ ജയിച്ചെത്തുന്ന രാജസ്ഥാനിന് വീണ്ടും നിര്‍ണായക പോരാട്ടമാണ് മുന്നിലുള്ളത്. തുടര്‍ച്ചയായ സമ്മര്‍ദ മത്സരങ്ങളുടെ ക്ഷീണം ടീമിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മറുവശത്ത് ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമെന്ന ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. ബെംഗളൂരുവിനെതിരായ തോല്‍വിക്ക് ശേഷം ചെറിയ ഇടവേള ലഭിച്ചതും ഗുജറാത്തിന് ആശ്വാസമാണ്.
ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്ലര്‍ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിരയും റാഷിദ് ഖാന്റെ സ്പിന്‍ മികവും ഗുജറാത്തിന്റെ കരുത്താണ്. എന്നാല്‍ സൂര്യവന്‍ഷിയുടെ വെടിക്കെട്ട് തുടക്കമുണ്ടായാല്‍ മത്സരം രാജസ്ഥാന്റെ ഭാഗത്തേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സാധ്യതാ ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്:
യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ദസുന്‍ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നന്ദ്രെ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ.
ഗുജറാത്ത് ടൈറ്റന്‍സ്:
സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, നിശാന്ത് സിന്ധു, വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, രാഹുല്‍ ടെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

