തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പൂവച്ചൽ പേഴുമട്ട് പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈവിരൽ കടിച്ചെടുത്തതടക്കം നാലുപേർക്ക് പരിക്കേറ്റു. പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്കിടയാക്കിയ സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
61-കാരിയായ ഓമനയുടെ ഇടത് കൈവിരലാണ് നായ ആക്രമണത്തിനിടെ കടിച്ചെടുത്തത്. ഇവരെ കൂടാതെ സമീപവാസികളായ ഷാമില ബീവി (51), ഭർത്താവ് മാഹിൻ കണ്ണ് (56), ഓമനയുടെ ഭർത്താവ് ശ്രീകണ്ഠൻ (67) എന്നിവർക്കും കടിയേറ്റു. വീടിനുള്ളിലേക്ക് കയറിയെത്തിയാണ് തെരുവുനായ ആക്രമണം നടത്തിയത്.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിനിടെ നായയെ സമീപ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇതേ മേഖലയിൽ പത്തിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റതായി നാട്ടുകാർ ആരോപിക്കുന്നു. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
നായയുടെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ പരിക്കേറ്റവർക്ക് പ്രതിരോധ കുത്തിവയ്പ്പുകളും തുടർ ചികിത്സയും നൽകിവരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തെരുവുനായ നിയന്ത്രണത്തിനായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതരും വ്യക്തമാക്കി.

