തിരുവനന്തപുരം: രണ്ടുമാസത്തെ വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് വീണ്ടും സജീവമാകുന്നു. പുതിയ അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ കുട്ടികളെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിൽ പൂർത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
സംസ്ഥാനത്താകെ 44 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ സ്‌കൂളുകളിലേക്ക് എത്തുന്നത്. ഇവരിൽ മൂന്ന് ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് ആദ്യമായി പ്രവേശനം നേടും. പുതിയ ബാഗും പുസ്തകങ്ങളും യൂണിഫോമുമണിഞ്ഞ് വിദ്യാലയ ജീവിതത്തിന്റെ ആദ്യപടിയിലേക്ക് കടക്കുന്ന കുട്ടികൾക്ക് സ്‌കൂളുകൾ പ്രത്യേക സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
അധ്യയന ദിവസങ്ങളും പഠനസമയവും ഉറപ്പാക്കുന്നതിനായി പുതിയ വിദ്യാഭ്യാസ കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്. എൽ.പി. വിഭാഗത്തിൽ 800 മണിക്കൂറും യു.പി. വിഭാഗത്തിൽ 1000 മണിക്കൂറും ഹൈസ്‌കൂൾ വിഭാഗത്തിൽ 1200 മണിക്കൂറുമാണ് വാർഷിക അധ്യയന സമയം നിശ്ചയിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ എൽ.പി. സ്‌കൂളുകളിൽ ശനിയാഴ്ച പ്രവർത്തിദിനമുണ്ടാകില്ല. എന്നാൽ യു.പി. സ്‌കൂളുകളിൽ മൂന്ന് ശനിയാഴ്ചകളും ഹൈസ്‌കൂളുകളിൽ ഏഴ് ശനിയാഴ്ചകളും പ്രവർത്തിദിനങ്ങളായിരിക്കും.
പുതിയ അധ്യയന വർഷത്തെ ആവേശത്തോടെയും പ്രതീക്ഷകളോടെയും വരവേൽക്കാൻ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പുതിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്ന് തുടക്കമാകും.

