തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് അനുവദിക്കണമെന്ന ആശയം ആകർഷകമാണെന്നും അത് നടപ്പാക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്കൂളുകളിലെ ബാക്ക്ബെഞ്ച് സംസ്കാരം അവസാനിപ്പിക്കുമെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങൾ കുട്ടികളുടെ സർവതോമുഖ വികസനത്തിനുള്ള ഇടങ്ങളായി മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർത്തവ അവധിയെക്കുറിച്ചുള്ള ചർച്ചകളിൽ പോസിറ്റീവ് സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആർത്തവ ദിനങ്ങളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി വിദ്യാർഥിനികൾ ഉണ്ടെന്നും അവർക്ക് ആവശ്യമായ ഇളവ് നൽകുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരെയും വേർതിരിച്ച് കാണാനോ മാറ്റിനിർത്താനോ ഉദ്ദേശിച്ചുള്ള നടപടിയല്ല ഇതെന്നും മന്ത്രി വിശദീകരിച്ചു. ആർത്തവത്തെ സമൂഹം തെറ്റായി കാണുകയും അവഗണിക്കുകയും ചെയ്തിരുന്നത് പഴയകാല കാഴ്ചപ്പാടുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടുമാസത്തെ വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. ഇത്തവണ ഏകദേശം 44 ലക്ഷം വിദ്യാർഥികളാണ് സ്കൂളുകളിലെത്തുന്നത്. ഇതിൽ മൂന്ന് ലക്ഷത്തോളം കുട്ടികൾ ആദ്യമായി ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നവരാണ്.
പാഠപുസ്തകങ്ങൾ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്ക് സമാധാനപരവും സന്തോഷകരവുമായ അധ്യയന വർഷം ആശംസിച്ച അദ്ദേഹം, അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തതയും കൃത്യതയും ഉറപ്പാക്കുമെന്നും പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളും ഉയരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട അധികൃതരും സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്.

