പാലക്കാട്: കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് സാധ്യത തെളിഞ്ഞു. മുൻ സിപിഎം നേതാവ് പി.കെ. ശശി നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്)യും സി.എം.പി.യും തമ്മിലുള്ള സഹകരണ-ലയന ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി സൂചന. വിഷയത്തിൽ നിർണായക തീരുമാനം കൈക്കൊള്ളുന്നതിനായി ഉടൻ പാലക്കാട് യോഗം ചേരും. സി.എം.പി. നേതാവും മന്ത്രിയുമായ സി.പി. ജോൺ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
സിഎംപിയിൽ ഔദ്യോഗികമായി ലയിക്കണോ, അതോ രാഷ്ട്രീയമായി ഒരുമിച്ച് പ്രവർത്തിക്കണോയെന്ന കാര്യത്തിലാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നതെന്ന് പി.കെ. ശശി അറിയിച്ചു. ഇരു പാർട്ടികളുടെയും നേതൃത്വങ്ങൾ തമ്മിൽ നിരവധി ഘട്ടങ്ങളിലായി ചർച്ചകൾ നടന്നതായും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് പി.കെ. ശശി ഡിഎംഎഫ് രൂപീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. അതേസമയം, പാലക്കാട് ജില്ലയിൽ സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി ഡിഎംഎഫിനെ വളർത്താനുള്ള ശ്രമങ്ങൾ ശശി തുടരുകയാണ്.
അടുത്തിടെ പാലക്കാട് ജില്ലയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നൂറുകണക്കിന് പേർ ഡിഎംഎഫിൽ ചേർന്നിരുന്നു. കൂടാതെ സിപിഎമ്മിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് പാർട്ടി വിട്ട നേതാക്കളെയും പ്രവർത്തകരെയും ഡിഎംഎഫിനൊപ്പം അണിനിരത്താനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ഡിഎംഎഫ്–സിഎംപി ചർച്ചകൾ വിജയകരമായാൽ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ഇടതുപക്ഷ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വരാനിരിക്കുന്ന യോഗത്തിലെ തീരുമാനങ്ങൾ ഇതുസംബന്ധിച്ച വ്യക്തത നൽകുമെന്നാണ് പ്രതീക്ഷ.

