Home Nationalപുനർമൂല്യനിർണയ പോർട്ടൽ തകരാർ; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്കെതിരെ സുരക്ഷാ വീഴ്ച ആരോപണം

പുനർമൂല്യനിർണയ പോർട്ടൽ തകരാർ; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്കെതിരെ സുരക്ഷാ വീഴ്ച ആരോപണം

by news_desk1
0 comments

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായി സിബിഎസ്ഇ ഒരുക്കിയ ഓൺലൈൻ പോർട്ടലിൽ സാങ്കേതിക തകരാർ ഉണ്ടായതോടെ വിദ്യാർത്ഥികൾ ആശങ്കയിൽ. നിശ്ചയിച്ച സമയത്ത് അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാങ്കേതിക പ്രശ്നങ്ങളില്ലാതെ സംവിധാനം പ്രവർത്തിക്കുമെന്ന് സിബിഎസ്ഇ ഉറപ്പുനൽകിയിരുന്നെങ്കിലും പോർട്ടൽ പ്രവർത്തനരഹിതമായത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

ഇതിനിടെ സിബിഎസ്ഇയുടെ ഓൺലൈൻ സംവിധാനത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇന്റർനെറ്റിലൂടെ ലഭ്യമാകുന്ന നിലയിലാണെന്ന് ചില സൈബർ സുരക്ഷാ പ്രവർത്തകരും എത്തിക്കൽ ഹാക്കർമാരും ആരോപിച്ചു. ഒഎസ്എം പോർട്ടലുമായി ബന്ധപ്പെട്ട ഡാറ്റാബേസിലാണ് സുരക്ഷാ പോരായ്മ കണ്ടെത്തിയതെന്നാണ് അവരുടെ വെളിപ്പെടുത്തൽ.

ഡാറ്റാബേസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷനും ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളും ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

പുനർമൂല്യനിർണയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സൈബർ സുരക്ഷാ വിദഗ്ധർ, സർക്കാർ ഏജൻസികൾ, സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ധർ എന്നിവരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പോർട്ടലിലെ തകരാറും സുരക്ഷാ ആരോപണങ്ങളും പരീക്ഷാ നടപടികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, നീറ്റ്, സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട വിവിധ പരാതികളും ക്രമക്കേടുകളും സംബന്ധിച്ച് പാർലമെന്ററി സമിതി തുടർചർച്ചകളും മൊഴിയെടുപ്പും നടത്തുകയാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന വിഷയങ്ങളിൽ അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

You may also like