Home Keralaസ്കൂട്ടർ ഓടിക്കുമ്പോൾ കൈയിൽ തണുപ്പ്; ഹാൻഡിലിൽ നിന്ന് തലനീട്ടി പാമ്പ്, കോഴിക്കോട് യുവാവിന് അത്ഭുത രക്ഷ

സ്കൂട്ടർ ഓടിക്കുമ്പോൾ കൈയിൽ തണുപ്പ്; ഹാൻഡിലിൽ നിന്ന് തലനീട്ടി പാമ്പ്, കോഴിക്കോട് യുവാവിന് അത്ഭുത രക്ഷ

by news_desk1
0 comments

കോഴിക്കോട്: നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടറിന്റെ ഹാൻഡിലിൽ പാമ്പിനെ കണ്ടെത്തി കോഴിക്കോട് സ്വദേശി. റെയിൽവേ ജീവനക്കാരനായ സ്മിത്തിനാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. സ്കൂട്ടർ ഓടിക്കുന്നതിനിടെ കൈയിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് ഹാൻഡിലിന് സമീപം പാമ്പ് ചുറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടത്.

വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷനിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ എത്തിച്ച ശേഷം സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് പാമ്പ് ഹാൻഡിലിൽ നിന്ന് പുറത്തേക്ക് തലനീട്ടിയത്. അപ്രതീക്ഷിത കാഴ്ച കണ്ട് ഭയന്ന സ്മിത്ത് ഉടൻ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു.

തുടർന്ന് വനവകുപ്പിന്റെ ദ്രുതപ്രതികരണ സംഘത്തെ (ആർആർടി) ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ലഭിച്ചില്ല. പിന്നീട് സുഹൃത്തുക്കൾ സ്ഥലത്തെത്തി സ്കൂട്ടർ പരിശോധിച്ച് പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

ഹെഡ്‌ലൈറ്റിനും ഹാൻഡിലിനും ഇടയിലുള്ള ഭാഗത്താണ് മലമ്പാമ്പിന്റെ കുഞ്ഞ് ഒളിച്ചിരുന്നത്. ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് സ്കൂട്ടർ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്നുവെന്നാണ് സ്മിത്ത് പറയുന്നത്. ആ സമയത്താകാം പാമ്പ് വാഹനത്തിനുള്ളിൽ കയറിയതെന്നാണ് നിഗമനം.

സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ഇത്തരമൊരു അനുഭവം നേരിട്ടപ്പോൾ വലിയ ഭയമാണ് തോന്നിയതെന്ന് സ്മിത്ത് പറഞ്ഞു. സമയോചിതമായി പാമ്പിനെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായതായി നാട്ടുകാർ അഭിപ്രായപ്പെട്ടു.

You may also like