Home Nationalമണ്ഡല പുനർനിർണയ ബിൽ: ഡിഎംകെക്ക് നിലപാട് മാറ്റമോ? രാഹുൽ ഗാന്ധിയുടെ നിലപാടിൽ നിന്ന് വ്യത്യസ്ത സൂചന

മണ്ഡല പുനർനിർണയ ബിൽ: ഡിഎംകെക്ക് നിലപാട് മാറ്റമോ? രാഹുൽ ഗാന്ധിയുടെ നിലപാടിൽ നിന്ന് വ്യത്യസ്ത സൂചന

by news_desk1
0 comments

ദില്ലി: മണ്ഡല പുനർനിർണയ ബില്ലിനെ സംബന്ധിച്ച് ഡിഎംകെയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന സൂചന. മണ്ഡല പുനർനിർണയത്തോട് അടിസ്ഥാനപരമായ എതിർപ്പില്ലെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി പ്രതികരിച്ചു. പാർട്ടി മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ബില്ലിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാടിന് ദോഷകരമല്ലെങ്കിൽ ബില്ലിനെ എതിർക്കേണ്ട സാഹചര്യമില്ലെന്നും, വിഷയത്തിൽ എംപിമാരുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുകയെന്നും ആർ.എസ്. ഭാരതി പറഞ്ഞു. എല്ലാ തമിഴരും ബില്ലിനെ എതിർക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തെയും അദ്ദേഹം തള്ളി. യാതൊരു വിഷയത്തെയും അന്ധമായി എതിർക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

അതേസമയം, വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതുവരെ സമവായമായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രതിപക്ഷം സഹകരിച്ചാൽ മാത്രമേ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താനാകൂവെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ഡിഎംകെയുമായുള്ള ചർച്ചകളിലും അന്തിമ ധാരണയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്‌സിആർഎ ബില്ലിൽ ചില ഭേദഗതികൾക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. വിദേശ ഫണ്ട് ഉപയോഗിച്ച സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഇളവുകൾ പരിഗണിക്കാമെന്നതാണ് സർക്കാർ നിലപാട്.

ഇതിനിടെ, ദില്ലി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയുന്നതുവരെ ബില്ല് അവതരിപ്പിക്കുന്നത് തടയുമെന്ന് ഇന്ത്യ സഖ്യം മുന്നറിയിപ്പ് നൽകി.

You may also like