പേരാമ്പ്ര: അധ്യാപികമാർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ മുഖ്യപ്രതി കീർത്തനയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വടകര എൻഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ലഹരി ശൃംഖലയിലെ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും കേസിലെ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കീർത്തനയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
കേസിലെ മറ്റ് പ്രതികളായ നീഷ്മയുടെയും സഫ്വാന്റെയും ജാമ്യാപേക്ഷകളും ഇന്ന് കോടതി പരിഗണിക്കും.
അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്കും 16 ലക്ഷം രൂപ വരെ എത്തിയതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
ലഹരിവസ്തുക്കൾ കുട്ടികളിലേക്ക് എത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പ്രതികളുടെ വിദേശ യാത്രകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കാനും അന്വേഷണം വ്യാപിപ്പിക്കാനുമാണ് പൊലീസ് തീരുമാനം. അധ്യാപികയായ കീർത്തന നടത്തിയിരുന്ന ബൺ മസ്ക കട കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
