കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികൾക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. കമന്റടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഒരു സംഘം യുവാക്കൾ യുവതികളെ മർദിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ എട്ടോളം പേരടങ്ങുന്ന സംഘം മോശമായി പെരുമാറിയതായും അതിനെ ചോദ്യം ചെയ്തതോടെ ആക്രമണം നടത്തുകയായിരുന്നുവെന്നും യുവതികൾ പറയുന്നു. സംഘത്തിൽ യുവതികളും ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ സുഹൃത്തുക്കൾ പറയുന്നത്.
മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഒരു യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായും വസ്ത്രം കീറാൻ ശ്രമമുണ്ടായതായും ആരോപണമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി നിലത്തടിച്ച് തകർത്തതായും പരാതിക്കാർ പറയുന്നു.
ആക്രമണത്തിൽ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ പൊലീസുകാരിൽ നിന്ന് തങ്ങൾക്ക് മോശം സമീപനമാണ് ഉണ്ടായതെന്നും യുവതികളുടെ സുഹൃത്തുക്കൾ ആരോപിച്ചു. പുലർച്ചെ സമയത്ത് പുറത്തുണ്ടായിരുന്നതിനെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും ചോദ്യം ചെയ്തുവെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായും ആക്രമണത്തിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

