കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ച് വാഹനം പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഴിമതിക്കാട് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. മനുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തീപിടിച്ച് നശിച്ചത്. മനുവും സഹോദരിയും അംബിപൊയ്ക–കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
യാത്രയ്ക്കിടെ കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരും ഉടൻ വാഹനം നിർത്തി പുറത്തിറങ്ങി. പിന്നാലെ നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് മുഴുവൻ വാഹനത്തെയും വിഴുങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കുണ്ടറ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ അതിനകം കാർ പൂർണമായും കത്തി നശിച്ചിരുന്നു.
ബാറ്ററിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

