Home Kerala‘കാരണഭൂതനായി വാഴ്ത്തിപ്പാടി, തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ’; പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശൻ

‘കാരണഭൂതനായി വാഴ്ത്തിപ്പാടി, തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ’; പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശൻ

by news_desk
0 comments

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ പിണറായി വിജയനെ മാത്രം വേട്ടയാടുന്നത് തികഞ്ഞ നീതികേടാണെന്ന് എസ്എന്‍ഡിപി മുഖപത്രമായ ‘യോഗനാദ’ത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന്റെ ചുമലിൽ മാത്രം കെട്ടിവെക്കാനാകില്ല. ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വര്‍ഷം അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവര്‍ തന്നെ ഭരണം നഷ്ടപ്പെട്ടപ്പോൾ ആക്ഷേപ ശരങ്ങള്‍ എറിയുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

കേരള ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടര്‍ഭരണം നേടിക്കൊടുത്ത ശക്തനായ നേതാവാണ് പിണറായി വിജയൻ എന്ന് എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു. അധികാരത്തിന്റെ മധുരം നുകര്‍ന്ന് രസിച്ച് ഉല്ലസിച്ചവര്‍ ഭരണം നഷ്ടമായ ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിവന്നപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളുടെ മാത്രം തലയിൽ വെക്കുന്നത് ശരിയല്ല. രണ്ടാമതും ഭരണം ലഭിച്ചപ്പോള്‍ നേതാക്കളും അണികളും ഒരേപോലെ സുഖലോലുപരായെന്നതാണ് യഥാർത്ഥ വസ്തുത. ജനങ്ങളെയും അവരുടെ നിത്യജീവിത പ്രശ്‌നങ്ങളെയും പൂർണ്ണമായി മറന്ന് പലരും സാമ്പത്തിക നേട്ടത്തിനായി മാത്രമാണ് പാഞ്ഞത്. അധികാര ലഹരി നുകരുന്ന തിരക്കില്‍ പാര്‍ട്ടിയുടെ മേല്‍ത്തട്ട് മുതല്‍ കീഴ്ത്തട്ടുവരെയുള്ളവര്‍ ചെയ്ത പാപങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയായി മാറിയത്. പാര്‍ട്ടി ഒന്നുമല്ലാതിരുന്ന കഠിനമായ കാലത്ത് പൊലീസിന്റെയും രാഷ്ട്രീയ എതിരാളികളുടെയും ശാരീരിക ആക്രമണങ്ങളെ ഉള്‍പ്പെടെ ധീരമായി മറികടന്ന വലിയ സമരപാരമ്പര്യം പിണറായി വിജയനുണ്ട്. പാര്‍ട്ടിയുടെ വൻ പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കി അധികാരം തിരിച്ചുപിടിച്ചത് കര്‍ക്കശക്കാരനായ അദ്ദേഹത്തിന്റെ നേതൃഗുണത്തിലാണ്. പിണറായിയെപ്പോലുള്ള സമുന്നത നേതാക്കള്‍ കഠിനാധ്വാനം ചെയ്ത് നിലമൊരുക്കി, വിത്തെറിഞ്ഞ്, വിളവെടുത്ത കൃഷിയിടത്തിലേക്ക് അവസാനം കൊയ്ത്തിനെത്തിയ പല പുത്തന്‍കൂറ്റ് കമ്മ്യൂണിസ്റ്റുകാര്‍ക്കും കേവല ലാഭേച്ഛ മാത്രമേയുള്ളൂ. ഇവരുടെ തമ്പ്രാന്‍ മനോഭാവമാണ് ഇടതുമുന്നണിയെ ജനങ്ങളിൽ നിന്ന് അകറ്റിയതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകൾ തിരിച്ചടിയുടെ ആക്കം കൂട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്ത് ശാന്തമായോ സൗമ്യമായോ പെരുമാറുന്ന നേതാക്കള്‍ ഇപ്പോൾ അപൂര്‍വ്വമായി മാറിയിരിക്കുകയാണ്. ന്യായമായ ആവശ്യങ്ങൾക്ക് ആര്‍ക്കും ഏത് സമയത്തും കയറിച്ചെല്ലാവുന്ന പാര്‍ട്ടി ഓഫീസുകൾ ഇന്ന് ബ്രാന്റഡ് വേഷഭൂഷാദികൾ അണിഞ്ഞ് മുന്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന, സാമൂഹ്യ ബന്ധമില്ലാത്ത ദല്ലാളുമാരും ഇടനിലക്കാരും അധികാര കച്ചവടക്കാരും കയ്യടക്കിയിരിക്കുന്നു. വിദ്യാർത്ഥി നേതാക്കൾ മുതൽ ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ പൊതുവേ അഹങ്കാരത്തിന്റെ ഭാഷയും പെരുമാറ്റവുമാണ്. സാമ്പത്തിക നേട്ടങ്ങളുമായി നടന്ന ഇവരാരും സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ടില്ല. ഇവരുടെ പ്രവൃത്തിദോഷങ്ങളുടെ കുറ്റങ്ങളെല്ലാം ഒടുവിൽ ഏല്‍ക്കേണ്ടിവരുന്നത് പിണറായി വിജയനാണ്. എന്നിട്ട് ഇവർ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തെ വിമര്‍ശിക്കാനും മുന്നില്‍ നിൽക്കുന്നത്. ഇതിനാൽ സിപിഐഎം കടുത്ത ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും തയ്യാറാകണം. സഖ്യകക്ഷിയായ സിപിഐ സൃഷ്ടിച്ച ആഭ്യന്തര പ്രശ്‌നങ്ങളും മുന്നണിയുടെ രണ്ടാം ഭരണകാലത്ത് സര്‍ക്കാരിന്റെ ശോഭ കെടുത്തിയിട്ടുണ്ട്. സിപിഐ ഭരിച്ച വകുപ്പുകൾ പലപ്പോഴും വലിയ പരാജയമായിരുന്നു. സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകളിൽ വലിയ തോതിലുള്ള അഴിമതിയാണ് നടന്നത്. ഈ നവ കമ്മ്യൂണിസ്റ്റുകാരും ഇപ്പോള്‍ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ പിണറായിയെ വിമർശിക്കുന്ന തിരക്കിലാണെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിലൂടെ ആഞ്ഞടിച്ചു. പുതിയ യുഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കിടയിൽ പ്രതിപക്ഷ ചേരിയിലുണ്ടായ ഈ വലിയ രാഷ്ട്രീയ പൊട്ടിത്തെറിയെ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

You may also like