കൊൽക്കത്ത: സ്കൂളുകളിലും മദ്രസകളിലും ദേശീയഗീതവും ദേശീയഗാനവും ആലപിക്കുന്നത് നിർബന്ധമാക്കിയ തീരുമാനത്തിൽ ഉറച്ചുനിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ‘വന്ദേമാതരവും’ ‘ജനഗണമനയും’ ആലപിച്ചേ തീരൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ സ്കൂളുകളിൽ നടക്കുന്ന അസംബ്ലിയിൽ ദേശീയ ഗീതം പൂർണ്ണമായി ആലപിക്കണമെന്നത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സുവേന്ദു അധികാരി കൈക്കൊണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നായിരുന്നു.
എന്നാൽ, സർക്കാരിന്റെ ഈ ഉത്തരവിന് പിന്നാലെ ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അല്ലെങ്കിൽ ഇതിൽ നിന്നും മുസ്ലീം വിദ്യാർത്ഥികളെ ഒഴിവാക്കണമെന്നുമാണ് ബോർഡ് ആവശ്യപ്പെട്ടത്. മതവിശ്വാസങ്ങൾക്ക് എതിരായ തരത്തിലുള്ള ഗാനങ്ങളോ വാക്കുകളോ ചൊല്ലാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങളുടെ ലംഘനമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ ഡോ. എസ്. ക്യു. ആർ. ഇല്യാസ് ചൂണ്ടിക്കാട്ടി.
ഇതിനോട് പ്രതികരിക്കവെയാണ് ദേശീയ വാർത്താ ഏജൻസിയോട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വന്ദേമാതരം എല്ലാ സ്കൂളുകളിലും നിർബന്ധമാക്കിയിട്ടുണ്ടെന്നും ഇത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സനാതന സംസ്കാരമെന്നും ഇന്ത്യ ഹിന്ദുസ്ഥാനെന്നും ഇന്ത്യയെന്നും അറിയപ്പെടുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, ഈ രാജ്യം മറ്റാരുടെയും കൈക്കുള്ളിലാകില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം ബംഗാൾ മുഖ്യമന്ത്രിയെ പിന്തുണച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജുവും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ട യാതൊരു ആവശ്യമില്ലെന്നും, രാജ്യം ഒന്നടങ്കം ആദരിക്കുന്ന ദേശീയഗീതത്തിന്റെ കാര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

