തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപനത്തിനെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി ഇന്ന് വ്യാപക പരിശോധനയും റെയ്ഡുകളും നടന്നു. വിവിധ ജില്ലകളിലായി 137 പേരെ അറസ്റ്റ് ചെയ്യുകയും 104 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പരിശോധനയിൽ ഏകദേശം 500 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് വാണിജ്യ അളവിൽ ലഹരിമരുന്ന് പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ വിപണിമൂല്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി കടത്തിന്റെ പ്രധാന ശൃംഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് അന്തർസംസ്ഥാന തലത്തിലും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. എംഡിഎംഎ പ്രധാനമായും ബെംഗളൂരുവിൽ നിന്നാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ കരിപ്പൂരിലും തിരൂരിലും പ്രത്യേക ലഹരിവേട്ട നടത്തി. കരിപ്പൂരിലെ ഒരു വീട്ടിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതോടെ അസ്ഫാക്ക് (28) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
തിരൂരിലെ ആശാൻപടി, പടിഞ്ഞാറക്കര, അഴിമുഖം മേഖലകളിൽ നടത്തിയ പരിശോധനയിൽ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 500-ലധികം ഹാൻസ് പാക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു.
ലഹരി വ്യാപനത്തിനെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

