തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ച നടപടിക്കെതിരെ വിമർശനവുമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപൻ മാർ ഗീവർഗീസ് കൂറിലോസ് രംഗത്തെത്തി. നിയമനം സ്വജനപക്ഷപാതത്തിന്റെ ഉദാഹരണമാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാറ്റം പ്രതീക്ഷിച്ച് ജനങ്ങൾ നൽകിയ ജനവിധിയെ ഇത്തരം നടപടികൾ അവഗണിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങൾ ഇത്തവണ വോട്ട് ചെയ്തത് സമഗ്രമായ മാറ്റത്തിനാണ്. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റാനല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദമായ നിയമന തീരുമാനം സർക്കാർ പുനഃപരിശോധിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവ് ബെന്നി തോമസിനെ നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കോൺഗ്രസ് സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബെന്നി തോമസ് മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമാണ്.
അതേസമയം, ബെന്നി തോമസിന് പിന്തുണയുമായി ധർമ്മടം മണ്ഡലത്തിലെ മുൻ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് രംഗത്തെത്തി. കണ്ണൂരിലെ കോൺഗ്രസിന്റെ ശക്തരായ നേതാക്കളിൽ ഒരാളാണ് ബെന്നി തോമസെന്നും വിവിധ സംഘടനാ ചുമതലകൾ വഹിച്ചിട്ടുള്ള മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ബെന്നി തോമസിന്റെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളെ അവഗണിച്ച് അദ്ദേഹത്തെ വെറും “മന്ത്രിയുടെ ബന്ധു” എന്ന രീതിയിൽ മാത്രം അവതരിപ്പിക്കുന്നത് നീതിയല്ലെന്നും അബ്ദുൾ റഷീദ് അഭിപ്രായപ്പെട്ടു.

