കോഴിക്കോട്: ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് വടകര എം.പി. ഷാഫി പറമ്പിൽ. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വോട്ടർമാർക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമായി വ്യാജ സ്ക്രീൻഷോട്ട് ആസൂത്രിതമായി പ്രചരിപ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഈ സംഭവത്തിന് പിന്നിലെ യഥാർഥ ഗൂഢാലോചനക്കാരെയും പ്രചാരണത്തിന്റെ ഉറവിടത്തെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എസ്‌ഐടി അന്വേഷണം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന കാരണത്താൽ മുൻപ് അന്വേഷണം ദുർബലമാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, അന്നത്തെ പൊലീസ് അന്വേഷണത്തെയും ആഭ്യന്തര വകുപ്പിന്റെ നിലപാടിനെയും വിമർശിച്ചു. യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും വെളിച്ചത്തുകൊണ്ടുവരാനും എസ്‌ഐടി അന്വേഷണത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാഫി പറമ്പിൽ പ്രതികരിച്ചു.

