ടെൽ അവീവ്: അമേരിക്കയുടെ സൈനിക താൽപര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ തിരിച്ചടി ആക്രമണം നടത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും ഹോർമുസ് കടലിടുക്കിലെ സൈനിക സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെട്ടു. അമേരിക്ക തുടർച്ചയായി നടത്തിയ സൈനിക നടപടികൾക്കുള്ള മറുപടിയായാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും അവിടെ ഉണ്ടായ സംഭവം അമേരിക്കയുടെ പാട്രിയറ്റ് പ്രതിരോധ സംവിധാനത്തിലെ തകരാറിനെ തുടർന്നുണ്ടായതാണെന്നും ഇറാൻ വാദിച്ചു. അതേസമയം, കുവൈത്തിലും ബഹ്റൈനിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 215 വോട്ടുകളുടെ പിന്തുണയോടെയാണ് പ്രമേയം അംഗീകരിച്ചത്. ചില റിപ്പബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചത് ശ്രദ്ധേയമായി.
അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾക്കെതിരെയും പ്രതികാര നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇറാൻ നേരത്തെ നൽകിയിരുന്നു. കുവൈത്തും ബഹ്റൈനും ലക്ഷ്യമിട്ടുള്ള നടപടികൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വിശദീകരിച്ചു. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കുവൈത്തിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തിൽ മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിലാകെ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ ധാരണ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ഉയർന്നിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടിയെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സ്ഥിതിഗതികൾ ആശങ്കാജനകമായി തുടരുന്നതിനിടെ അന്താരാഷ്ട്ര സമൂഹവും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

